Fri. Dec 6th, 2019

Kshethranganam

Daily Updates

ഭക്ത ഹനുമാൻ ഭാഗം – 11

ശ്രീരാമദൂതൻ വായുപുത്രന്റെ വാക്കുകൾ സീതാദേവിയെ അതിയായി സന്തോഷിപ്പിച്ചു. അതേസമയം രഘുവരന് ഭക്ഷണത്തിൽ ശ്രദ്ധയില്ലെന്നും, ചിന്താകുലനാണെന്നും അറിഞ്ഞപ്പോൾ ദുഃഖവും തോന്നി.

മധുരസ്വരത്തിൽ സീതാദേവി പറഞ്ഞു: “വാനരോത്തമ, നീ അതിസമർത്ഥനാണ്, അത്ഭുത പരാക്രമിയുമാണ്. ഒരാളുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് ഈ ലങ്കാപുരിയിൽ അതിക്രമിച്ച് കടന്നുവല്ലോ. നീ ബുദ്ധിശാലിയും, സമർത്ഥനും, പരാക്രമിയും തന്നെ. ഇനി രണ്ടു മാസം മാത്രമാണ് കൊടും ക്രൂരനായ രാവണൻ എനിക്ക് തന്നിട്ടുള്ള അവധി. തന്റെ നിശ്ചയം മാറുന്നവനല്ല ദശഗ്രീവൻ. എന്നെ അപഹരിച്ചത് ഏറ്റവും വലിയ അനീതിയാണെന്നും, ഉടനെ ശ്രീരാമപാദങ്ങളിൽ സമർപ്പിക്കണമെന്നും വളരെ വിനയത്തോടെ സഹോദരൻ വിഭീഷണൻ ബോധിപ്പിച്ചുവെങ്കിലും രാവണൻ അത് അനുസരിച്ചില്ല”.

“ഹേ വായുപുത്ര, വിഭീഷണനും കുടുംബവും സദാചാര നിരതന്മാരാണ്. വിഭീഷണന് അനല എന്നൊരു പുത്രിയുണ്ട്. വിഭീഷണനും ഭാര്യയും പുത്രിയും രാക്ഷസ സ്വഭാവമുള്ളവരല്ല. അവിന്ധ്യൻ എന്ന് പേരായ ഒരു രാക്ഷസശ്രേഷ്ഠനും ലങ്കയിലുണ്ട്. ഇദ്ദേഹമാണ് ത്രിജട എന്ന രാക്ഷസിയെ എന്നെ സമാശ്വസിപ്പിക്കാനായി ഇങ്ങോട്ടയച്ചത്”.

സീതാദേവിയുടെ വാക്കുകൾ കേട്ട് അശ്രുപൂർണ്ണമായ കണ്ണുകളോടെ ഭക്തിപൂർവ്വം ഹനുമാൻ പറഞ്ഞു: “ദേവി, അമേയബലവാന്മായ വാനരസൈന്യങ്ങളുടെ മുന്നിൽ കോദണ്ഡപാണിയായി ശ്രീരാമസ്വാമി ഉടനെ ലങ്കയിലെത്തും”.

ഒരു നിമിഷം ആലോചിച്ച് വായുപുത്രൻ വീണ്ടും പറഞ്ഞു: “അല്ലെങ്കിൽ ദേവി എന്റെ ചുമലിൽ കയറിയിരുന്നാൽ മതി. യാതൊരു വിഷമവും കൂടാതെ സമുദ്രത്തെ കടന്ന് സ്വാമിയുടെ സവിധത്തിൽ എത്തിക്കാം. ദേവി സംശയിക്കേണ്ട”.

(‘ശക്രായ ഹവ്യം ഹുതമിവാനലഃ’ എന്നാണ് ആഞ്ജനേയൻ ഉദാഹരണം പറയുന്നത്. അതായത് അഗ്നി എങ്ങിനെ ഹവിസ്സിനെ ഇന്ദ്രന് എത്തിച്ചു കൊടുക്കുന്നുവോ, അതുപോലെ ദേവിയെ ഞാൻ ശ്രീരാമസ്വാമിയുടെ മുന്നിൽ എത്തിച്ചു കൊള്ളാം എന്ന്.)

വനരേന്ദ്രന്റെ ഇത്തരം വാക്കുകൾ കേട്ട സീതാദേവിക്ക് എന്തെന്നില്ലാത്ത വിസ്മയവും സന്തോഷവും ഉണ്ടായി.

സീതാദേവി ആഞ്ജനേയനോട് പറഞ്ഞു: “മഹാനായ കപീന്ദ്ര, നിന്റെ ധൈര്യവും ശക്തിയും ബുദ്ധിയും അത്ഭുതകരമാണ്. എന്നെയുമെടുത്ത് യാതൊരു അപകടവും ഇല്ലാതെ ശ്രീരാമസന്നിധിയിലെത്താൻ നിനക്ക് കഴിയും. എന്നാലും നിന്നോടൊപ്പം ഞാൻ വരുന്നത് ഉചിതമല്ല. വായുവേഗത്തിൽ സഞ്ചരിക്കുന്ന നിന്റെ യാത്രയിൽ ഞാൻ ബോധം കെട്ടു പോകാം. അല്ലെങ്കിൽ സമുദ്രോപരി യാത്ര ചെയ്യുമ്പോൾ ചിലപ്പോൾ വീണുപോയേക്കാം. അതുമാത്രമല്ല, രാക്ഷസീമദ്ധ്യത്തിലുള്ള എന്നെ കൊണ്ടു പോകുമ്പോൾ രാവണൻ അറിയാതിരിക്കില്ല. എതിരിടാൻ വരുന്ന രാക്ഷസരെ വധിക്കാൻ നിനക്ക് കഴിയാത്തതുകൊണ്ടല്ല ഞാനിങ്ങനെ പറയുന്നത്. രഘുവംശജാതനായ ശ്രീരാമൻ ശത്രുക്കളെ സംഹരിക്കാൻ അസമർത്ഥനാണെന്ന് ആരെങ്കിലും പറഞ്ഞാൽ എന്ത് ചെയ്യും? “

ഒരു നിമിഷം ആലോചിച്ചതിനു ശേഷം സീതാദേവി വീണ്ടും പറഞ്ഞു: “നീ ചെയ്ത പ്രവർത്തികൾക്ക് ശ്രേഷ്ഠമായ ഫലം സിദ്ധിക്കുവാൻ ശ്രീരാമസ്വാമി ഇങ്ങോട്ട് എഴുന്നള്ളണം. രാവണനെ യുദ്ധത്തിൽ പരാജയപ്പെടുത്തണം. ഇനി മറ്റൊരു കാര്യം കൂടെ പറയാം. പ്രിയപ്പെട്ട വാനരേന്ദ്ര, സ്വബുദ്ധിയോടുകൂടി ഞാൻ അന്യന്റെ ശരീരം സ്പർശിക്കുകയില്ല. അപ്പോൾ നീ സംശയിച്ചേക്കാം, രാവണൻ എന്റെ ശരീരത്തെ തൊട്ടില്ലേ എന്ന്. അത് മനഃപൂർവ്വമല്ല. ബലാൽക്കാരേണ അവന്റെ പ്രവൃത്തിയാൽ വന്നതാണ്. ഇങ്ങനെ നോക്കുമ്പോൾ രാവണനിഗ്രഹം ചെയ്ത് എന്നെ ഇവിടുന്ന് കൊണ്ടു പോകുന്നതാണ് ശ്രീരാമന്റെ യശസ്സിന് ഏറ്റവും ഉചിതമായത്”.

സീതാദേവിയുടെ പാതിവ്രത്യവും വിനയവും വിവേകവും ഒത്തുചേർന്ന വചനങ്ങൾ കേട്ട് വായുപുത്രന്റെ മിഴികൾ നനഞ്ഞു. സീതാദേവിയാകട്ടെ, ആനന്ദാശ്രുക്കളോടെ ഗദ്ഗദകണ്ഠയായി തുടർന്നു: “വാനരശ്രേഷ്ഠനായ മാരുതി, ഇവിടുന്നങ്ങോട്ട് എല്ലാ കാര്യങ്ങളും ഭംഗിയായി നിർവ്വഹിക്കേണ്ട ഭാരം നിന്നിലാണിരിക്കുന്നത്. എല്ലാം നിന്റെ പ്രയത്നത്തിന് അനുസരിച്ചിരിക്കും. അല്ലയോ സോദരതുല്യനായ ഹനുമാൻ, ആത്മനാഥനോട് ഞാൻ ഇനിപ്പറയുന്ന അടയാളവാക്യം നീ പറയണം. അല്ലയോ പ്രാണനാഥാ, എന്നെ ഉപദ്രവിച്ച നിസ്സാരജീവിയായ ഒരു കാക്കയുടെ നേരെ ബ്രഹ്മാസ്ത്രമയച്ച മഹാപ്രഭോ, ശൗര്യവും സ്നേഹവുമുള്ള രാജരാജാ, അവിടുത്തെ സന്നിധിയിൽനിന്ന് എന്നെ അപഹരിച്ചുകൊണ്ടു വന്നവനെ നിഗ്രഹിക്കാതെ ക്ഷമിച്ചിരിക്കാൻ കാരണമെന്തെന്ന് നീ ഭർതൃസവിധത്തിൽ പറയണം”.

അതിനുശേഷം വിദേഹപുത്രി വസ്ത്രത്തിൽ പൊതിഞ്ഞ് ഭദ്രമായി സൂക്ഷച്ചു വെച്ചിരുന്ന ദിവ്യവും അതി ശോഭനവുമായ ചൂഡാരത്നത്തെ കൈയ്യിൽ എടുത്ത് ‘ഇതിനെ നീ സ്വാമിക്ക് കൊടുക്കൂ’ എന്ന് പറഞ്ഞ് ശ്രീ ഹനുമാന് കൊടുത്തു.

ചൂഡാരത്നം വാങ്ങി തന്റെ ദൗത്യം സഫലമായതിന്റെ ചാരിതാർത്ഥ്യത്തിൽ നിൽക്കുന്ന ഹനുമാനോട് സീതാദേവി അരുളിച്ചെയ്തു: “ഹേ വാനരോത്തമാ, ഈ അടയാളം ശ്രീരാമചന്ദ്രന് വ്യക്തമായി അറിയാവുന്നതാണ്. ഈ രത്നത്തെ കാണുമ്പോൾ അവിടുന്ന് ത്രയംബകത്തെയും, അതിന്റെ ഭഞ്ജനത്തെയും എന്റെ അച്ഛനമ്മമാരെയും സ്മരിക്കും”.

സീതാവചനത്തിന്റെ മഹത്വം മനസ്സിലാക്കിയ ശ്രീ ഹനുമാൻ ശിരസ്സിനു മുകളിൽ കൈകൂപ്പി ആനന്ദക്കണ്ണീരോടെ “നിന്തിരുവടിയുടെ ഇച്ഛപോലെ എല്ലാം നടക്കും” എന്ന് പറഞ്ഞ് സാഷ്ടാംഗനമസ്കാരം ചെയ്ത് മടക്കയാത്രക്കൊരുങ്ങി.

തുടരും……..

Leave a Reply

Your email address will not be published. Required fields are marked *

December 2019
M T W T F S S
« Nov    
 1
2345678
9101112131415
16171819202122
23242526272829
3031