Fri. Dec 6th, 2019

Kshethranganam

Daily Updates

ശാസ്താവിന്റെ വാഹനം

1 min read

ശബരിമലവിശേഷംഭാഗം – 03

ശാസ്താവിന്റെ വാഹനം

ദേവന്റെ അല്ലെങ്കില്‍ ദേവിയുടെ സ്വരൂപം ഏതിലൂടെ ഭക്തര്‍ക്കു സ്പഷ്ടമാകുന്നുവോ (ഭക്തരില്‍ എത്തിച്ചേരുന്നുവോ) അതിനെ പ്രതീകവത്കരിക്കുന്നതാണു വാഹനം. സാധാരണയായി തിര്യഗ് രൂപങ്ങളില്‍ ഒന്നായിരിക്കും വാഹനമായി പറയുക.

വിഷ്ണുവിനു ഗരുഡന്‍, ശിവനു വൃഷഭം, ദുര്‍ഗയ്ക്കു സിംഹം, സരസ്വതിക്കു ഹംസം എന്നിങ്ങനെ. ’പുലിവാഹനനേ ശരണം പൊന്നയ്യപ്പാ’ എന്ന് ഭക്തിപൂര്‍വ്വം നാം ശരണം വിളിക്കാറുണ്ട്.

പന്തളം രാജ്ഞിയുടെ തലവേദന ശമിപ്പിക്കുന്നതിനു പുലിപ്പാല്‍ തേടിപ്പോയ അയ്യപ്പന്‍ പുലിരൂപം ധരിച്ച ദേവേന്ദ്രനു മുകളിലേറി കൊട്ടാരത്തില്‍ തിരിച്ചെത്തി എന്നാണു ഐതിഹ്യം. അതിനാല്‍ പുലിവാഹനനായ അയ്യപ്പന്‍ ഭക്തമനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. എന്നാല്‍ തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളില്‍ ശാസ്താവിന്റെ വാഹനമായി പറയുന്നത് കുതിരയെ ആണ്.

ഭഗവാന്റെ ധ്വജപ്രതിഷ്ഠകളില്‍ വാഹനമായി പ്രതിഷ്ഠിക്കപ്പെടുന്നത് അശ്വമാണ്. ശാസ്താവിന്റെ കൊടിയടയാളവും കുതിര തന്നെ.

വാജിവാഹനന്‍, തുരഗവാഹനന്‍, തുരംഗവാഹനന്‍, ഹയാരൂഢന്‍, അശ്വാരൂഢന്‍ എന്നെല്ലാം ശാസ്താവ് വിളിക്കപ്പെടുന്നു. അതിവേഗം ഗമിക്കുന്നത്, ചിന്ത എന്നെല്ലാമാണു തുരഗം (തുരംഗം), അശ്വം, വാജി, ഹയം എന്നീ പദങ്ങള്‍ക്കെല്ലാമുള്ള സാമാന്യാര്‍ത്ഥം. മനുഷ്യന്റെ ചിന്തകളെയാണു ധര്‍മ്മമൂര്‍ത്തിയായ ശാസ്താവിന്റെ വാഹനമായി കല്‍പ്പിച്ചിരിക്കുന്നത്.

അതിവേഗം സഞ്ചരിക്കുന്ന ചിന്തകളെ നിയന്ത്രിക്കാനുള്ള കടിഞ്ഞാണ്‍ ഭഗവാന്റെ കയ്യിലാണ്. വ്രതവിശുദ്ധിയാണു കടിഞ്ഞാണ്‍. ഭക്തന്റെ ചിന്തകളെ നേര്‍വഴിക്കുനയിക്കുന്നവന്‍ എന്നു സൂചിപ്പിക്കുവാനാണു പ്രതീകാത്മകമായി തുരഗവാഹനനായി ശാസ്താവിനെ പൂര്‍വ്വികര്‍ അവതരിപ്പിച്ചത്.

കാറ്റിനെ വെല്ലുന്ന വേഗത്തില്‍ പായുന്ന കുതിരയുടെ പുറത്ത് അമ്പും വില്ലും ധരിച്ചവനായി ഭക്തരുടെ മനസ്സാകുന്ന കാട്ടില്‍ വിഹരിക്കുന്ന രാഗദ്വേഷാദികളായ ദുഷ്ടമൃഗങ്ങളെ സംഹരിക്കാന്‍ എഴുന്നള്ളുന്ന വില്ലാളിവീരനാണു ധര്‍മ്മശാസ്താവ് എന്ന് ഒരു ധ്യാനശ്ലോകത്തില്‍ ഭഗവാനെ വന്ദിക്കുന്നതും അതിനാല്‍ത്തന്നെ ശ്രദ്ധേയമാണ്.

ആരൂഢഃ പ്രൗഢവേഗ പ്രവിജിതപവനം തുംഗതുംഗം തുരംഗം

ചേലം നീലം വസാനഃ കരതലവിലസല്‍ കാണ്ഡകോദണ്ഡ ദണ്ഡഃ

രാഗദേ്വഷാദിനാനാവിധമൃഗപടലീഭീതികൃല്‍ ഭൂതഭര്‍ത്താ

കുര്‍വ്വന്നാഖേടലീലാം പരിലസതു മനഃകാനനേ മാമകീനേ

വേദങ്ങളില്‍ വാജി ശബ്ദം ബലവാനായ ജീവാത്മാവ് എന്ന അര്‍ത്ഥത്തിലാണു പ്രയോഗിച്ചിരിക്കുന്നത്. അപ്പോള്‍ വാജിവാഹനന്‍ ജീവാത്മാവിനോടു ചേര്‍ന്ന പരമാത്മാവ് എന്ന ആശയവും ഉള്‍ക്കൊള്ളുന്നു.

മദമേറിയ ആനപ്പുറത്ത് ഏറിയവനായും (മദഗജാരൂഢം) ശാസ്താവിനെ ധ്യാനിക്കാറുണ്ട്. ശാസ്താവിന്റെ ശത്രുനാശകഭാവത്തിലുള്ള ധ്യാനങ്ങളിലാണു (രജോഗുണ, തമോഗുണ ധ്യാനങ്ങളില്‍) മദഗജവാഹനം പറയപ്പെടുന്നത്.

തേജോമണ്ഡലമധ്യഗം ത്രിണയനംദിവ്യാംബരാലങ്കൃതം

ദേവം പുഷ്പശരേക്ഷു കാര്‍മുകലസാണിക്യപാത്രാഭയം

ബിഭ്രാണം കരപങ്കജൈര്‍ മദഗജസ്‌കന്ധാധിരൂഢം വിഭും

ശാസ്താരം ശരണം ഭജാമി സതതംത്രൈലോക്യസമ്മോഹനം

കല്‍ഹാരോജ്ജ്വല നീലകുന്തളഭരംകാളാംബുദശ്യാമളം

കര്‍പ്പൂരാകലിതാഭിരാമവപുഷംകാന്തേന്ദു ബിംബാനനം

ശ്രീ ദണ്ഡാങ്കുശപാശശൂല വിലസത്പാണിം മദാന്ധദ്വിപാ-

രൂഢം ശത്രുവിമര്‍ദ്ദനം ഹൃദി മഹാശാസ്താരമാദ്യം ഭജേ

മദയാനയുടെ സവിശേഷത എന്തിനേയും തല്ലിത്തകര്‍ക്കാനുള്ള ആക്രമണോത്‌സുകതയാണ്. ആ മദയാനയെ നിയന്ത്രിച്ച് അതിനു മുകളിലേറി ശത്രു സമൂഹത്തിനു നേരെ പടനയിക്കുന്ന മഹാപരാക്രമിയാണു ശാസ്താവ്.

വ്യാഘ്രം (പുലി, കടുവ), സിംഹം (ഹരിവരാസനം) എന്നീ വാഹനങ്ങളേറിയ ശാസ്താസങ്കല്‍പ്പങ്ങളും ഇതു തന്നെ ആണു സൂചിപ്പിക്കുന്നത്.

ധര്‍മ്മമാര്‍ഗ്ഗത്തില്‍ ചലിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന കാമക്രോധലോഭമോഹമദമാത്‌സര്യാദികളാകുന്ന ശത്രുക്കളെ എതിരിടാന്‍ വാഹനമേറിയ ശാസ്താവിന്റെ കൃപ ഭക്തനു ആവശ്യമായി വരുന്നു. കരുണാമൂര്‍ത്തിയായ ഭഗവാന്‍ ഭക്തനെ രക്ഷിക്കാന്‍ വന്നെത്തുകയും ചെയ്യുന്നു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

December 2019
M T W T F S S
« Nov    
 1
2345678
9101112131415
16171819202122
23242526272829
3031