Fri. Dec 6th, 2019

Kshethranganam

Daily Updates

ഗൃഹസ്ഥാശ്രമിയായ ശാസ്താവ്

1 min read
*ശബരിമലവിശേഷം*
        *ഭാഗം - 02*

 *ഗൃഹസ്ഥാശ്രമിയായ ശാസ്താവ്*

ഗൃഹസ്ഥാശ്രമിയായ ശ്രീധര്‍മ്മശാസ്താവ് എന്ന സങ്കല്‍പ്പമാണ് ആദ്യം അവതരിപ്പിക്കുന്നത്. ശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍ നിത്യബ്രഹ്മചാരിയാണ്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങളില്‍ ബാലശാസ്താ, അയ്യപ്പ സങ്കല്‍പ്പങ്ങള്‍ക്കാണു പ്രാമുഖ്യം കൂടുതല്‍. ശബരിമലയിലെ പ്രതിഷ്ഠാസങ്കല്‍പ്പം തപസ്വിയായ ശാസ്താവിന്റേതാണ്. എന്നാല്‍ ഗൃഹസ്ഥാശ്രമിയായ ധര്‍മ്മശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളും അപൂര്‍വമായി കേരളത്തിലുണ്ട്.

പ്രഭാദേവി എന്ന പത്‌നിയോടും സത്യകന്‍ എന്ന പുത്രനോടും കൂടിയ ശാസ്താവാണു ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ക്ഷേത്രത്തിലെ മൂര്‍ത്തി. ശാസ്താവിന്റെ മുഖ്യ ധ്യാനശ്ലോകത്തിലും പ്രഭയേയും സത്യകനേയും സ്മരിക്കുന്നുണ്ട്.

സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരംസിംഹാസനാദ്ധ്യാസിനം

സ്ഫൂര്‍ജ്ജല്‍ പത്ര സുക്‌നുപ്ത കുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം

നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക-

സ്ഫായല്‍ പാര്‍ശ്വയുഗം സുരക്ത സകലാകല്പം സ്മരേദാര്യകം

പ്രഭ എന്നാല്‍ ശോഭ (കാന്തി) എന്നും സത്യകന്‍ എന്നാല്‍ നേരുള്ളവന്‍ (സത്യം വ്രതമായി സ്വീകരിച്ചവന്‍) എന്നും അര്‍ത്ഥം. ധര്‍മ്മത്തിന്റെ പ്രഭയില്‍ നിന്നും ഉത്ഭവിക്കുന്നത് സത്യം ആവാതെ തരമില്ലല്ലോ. പ്രഭാവതി എന്നും പ്രഭാദേവി വിളിക്കപ്പെടുന്നു. ത്രിനേത്രയും വീണാധാരിണിയും ആയാണു പ്രഭാദേവിയെ വര്‍ണ്ണിക്കാറ്. ഭക്തര്‍ക്ക് ഐശ്വര്യദായിനിയാണു ദേവി.

രക്തരക്താംബരാകല്‍പസ്വരൂപാം കാന്തയൗവനാം

ധൃതവീണാം പ്രഭാം വന്ദേ ദേവീം രക്താം ത്രിലോചനാം

ഭൂതാധിപഭാര്യായൈ ഭൂതിദായൈ ദിനേദിനേ

ഭവാന്യൈ ഭവഭക്തായൈ പ്രഭായൈ തേ നമോ നമഃ

എന്ന് പ്രഭാദേവിയേയും

ഭൂതാധിപതനൂജായ ഭൂതിദായാര്‍ത്തിഹാരിണേ

ശരകാര്‍മ്മുകഹസ്തായ സത്യകായ നമോനമഃ

എന്ന് സത്യകനേയും വന്ദിച്ചു വരുന്നു

പൂര്‍ണ്ണാദേവി, പുഷ്‌കലാദേവി എന്നീ ഭാര്യമാരോടുകൂടിയവനായും ശാസ്താവിനെ ആരാധിക്കാറുണ്ട്.

ശ്രീമച്ഛങ്കരനന്ദനം ഹരിസുതം കൗമാരമാരാഗ്രജം

ചാപം പുഷ്പശരാന്വിതം മദഗജാരൂഢം സുരക്താംബരം

ഭൂതപ്രേതപിശാചവന്ദിതപദം ശ്മശ്രുസ്വയാലംകൃതം

പാര്‍ശ്വേപുഷ്‌ക്കലപൂര്‍ണ്ണകാമിനിയുതം ശാസ്താമഹേശം ഭജേ

പൂര്‍ണ്ണതയുടെ പ്രതീകമാണു പൂര്‍ണ്ണാദേവി. പുഷ്‌കലത്വത്തിന്റെ (സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ) പ്രതീകമാണു പുഷ്‌കലാദേവി. എവിടെ ധര്‍മ്മം പരിപൂര്‍ണ്ണമായി പരിലസിക്കുന്നുവോ അവിടെ പൂര്‍ണ്ണതയും ഐശ്വര്യവും ഉണ്ടാകും എന്നു സൂചിപ്പിക്കുകയാണു പൂര്‍ണ്ണാപുഷ്‌കലാസമേതനായ ധര്‍മ്മശാസ്താസങ്കല്‍പ്പത്തിലൂടെ. പൂര്‍ണ്ണാപുഷ്‌കലാദേവിമാരുടെ സമന്വയഭാവമാണു പ്രഭാദേവി. പൂര്‍ണ്ണാപുഷ്‌ക്കലാസമേതനായി ഗൃഹസ്ഥാശ്രമത്തില്‍ വാഴുന്ന ശാസ്താവാണ് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍.

ഗൃഹസ്ഥാശ്രമിയായ ശാസ്താസങ്കല്‍പ്പം തമിഴ്‌നാട്ടിലാണു കൂടുതല്‍ പ്രചരിച്ചിട്ടുള്ളത്. ശാസ്താതിരുക്കല്ല്യാണ മഹോത്‌സവങ്ങള്‍ പല തമിഴ്ശാസ്താക്ഷേത്രങ്ങളിലും ആചരിച്ചു വരുന്നു. ശാസ്താവിന്റെ വിവാഹം സംബന്ധിച്ച് തമിഴകത്തുള്ള ചില ഐതിഹ്യങ്ങള്‍ പങ്കുവയ്ക്കാം. ആര്യങ്കാവ് ക്ഷേത്രത്തില്‍ വച്ചാണു ശാസ്താവു പ്രഭാദേവിയെ വിവാഹം കഴിച്ചത് എന്ന് ഒരൈതിഹ്യം.

സൗരാഷ്ട്രയില്‍ നിന്നും പാണ്ഡ്യരാജ്യത്തു കുടിയേറിയ ബ്രാഹ്മണ സമൂഹത്തിലെ ഒരു സംഘം തെങ്കാശിയില്‍ നിന്നും പന്തളത്തേയ്ക്ക് വരുന്നവഴിയില്‍ ആര്യങ്കാവുവെച്ച് കാട്ടാനകളുടെ ആക്രമണത്തിനു ഇരയായി. അവരുടെ പ്രാര്‍ത്ഥന ശ്രവിച്ച ശാസ്താവ് അവിടെ പ്രത്യക്ഷനായി കാട്ടാനകളെ അകറ്റി അവരെ രക്ഷിച്ചു. അതില്‍ സന്തുഷ്ടനായ ഒരു ബ്രാഹ്മണന്‍ തന്റെ പുത്രിയെ ശാസ്താവ് പത്‌നിയായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഭക്തന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച ശാസ്താവു പ്രഭാദേവിയെ പരിണയിച്ചു. ഇതിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ എല്ലാ വര്‍ഷവും ധനുമാസത്തില്‍ തൃക്കല്ല്യാണ മഹോത്‌സവം ആര്യങ്കാവു ക്ഷേത്രത്തില്‍ ആഘോഷിക്കുന്നു.

നേപ്പാള്‍ രാജാവിന്റെ പുത്രിയാണു പുഷ്‌കലാ ദേവിയെന്നും ചേരരാജപുത്രിയാണു പൂര്‍ണ്ണാദേവിയെന്നും ഒരൈതിഹ്യം. തന്റെ അഭ്യുന്നതിക്കായി നേപ്പാള്‍ രാജാവ് സ്വപുത്രിയെ തന്നെ ബലി കൊടുക്കുവാന്‍ തീരുമാനിച്ചു. ശിവഭക്തയായ പുഷ്‌ക്കല ഭഗവാനെ അഭയം പ്രാപിച്ചു. ഭക്തയെ രക്ഷിക്കുവാന്‍ മഹാദേവന്‍ ശാസ്താവിനെ നിയോഗിച്ചു. ശാസ്താവിന്റെ വാക്കുകള്‍ കേട്ട് ഉദ്യമത്തില്‍ നിന്ന് പിന്തിരിഞ്ഞ രാജാവ് പുത്രിയെ ശാസ്താവിനു സമര്‍പ്പിച്ചു. ശാസ്താവു പുഷ്‌ക്കലയെ വിവാഹം ചെയ്തു.

ഒരു ചേരരാജാവിനെ വനത്തില്‍ വെച്ച് ദുഷ്ടശക്തികള്‍ ആക്രമിച്ചു. ഭീതനായ രാജാവ് ശാസ്താവിനെ സ്മരിച്ചു. ഭഗവാന്‍ അവരെ തുരത്തിയോടിച്ചു. ചേരരാജാവിന്റെ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹത്തിന്റെ പുത്രി പൂര്‍ണ്ണയെ ഭഗവാന്‍ പത്‌നിയായി സ്വീകരിച്ചു.

ഒരേ ദേവനെ വിവിധ രൂപത്തിലും (ബാല, കുമാര, ഗൃഹസ്ഥ, തപസ്വി) ഭാവത്തിലും (ശാന്ത, വീര, രൗദ്ര) ആരാധിക്കുക എന്നത് സനാതനധര്‍മ്മത്തിന്റെ അനേകായിരം സവിശേഷതകളില്‍ ഒന്നുമാത്രം.

*തുടരും*

Leave a Reply

Your email address will not be published. Required fields are marked *

December 2019
M T W T F S S
« Nov    
 1
2345678
9101112131415
16171819202122
23242526272829
3031