Tue. Oct 15th, 2019

Kshethranganam

Daily Updates

നവരാത്രി അഞ്ചാം ദിവസം : ദേവി സ്കന്ദമാത.

🌷🌷🌷🌷🌷🌷🌷🌷🌷🌷
നവരാത്രി അഞ്ചാം ദിവസം
🌷🌷🌷🌷🌷🌷🌷🌷🌷🌷
ദേവി സ്കന്ദമാത.

ധ്യാന ശ്ലോകം:

”സിംഹാസനഗതാ നിത്യം
പത്മാശ്രിതകര ദ്വയാ
ശുഭദാസ്തു സദാ ദേവീ
സ്കന്ദമാതാ യശസ്വിനീ ”

ശിവശക്തിക്ക് യോഗശക്തിയാല്‍ ഉണ്ടായ പുത്രനാണ് സുബ്രഹ്മണ്യൻ. സ്കന്ദൻ ഊർജ്ജരൂപത്തിലവതരിച്ച സമയം ശിവശക്തീപ്രാഭവമറിയാതെ താരകാസുരനില്‍നിന്നു രക്ഷിക്കാനായി അഗ്നി ആ ഊർജ്ജത്തെ ആവാഹിച്ചു; പക്ഷേ താപം താങ്ങാനാവാതെ ആ ഊർജ്ജത്തെ ഗംഗയില്‍ നിക്ഷേപിച്ചു. ഗംഗയ്ക്കും ആ താപം ഉള്‍ക്കൊള്ളാൻ സാധിച്ചില്ല. ഗംഗയതു ശരവണപ്പൊയ്കയിലൊഴുക്കി. അവിടെനിന്നാണ് ആറു താമരപ്പൂക്കളില്‍ ആറു കുമാരന്മാരായി ആ ശക്തി രൂപപ്പെടുന്നത്. സംരക്ഷിച്ചത് കാർത്തിക നക്ഷത്രത്തിന്റെ ദേവതമാരും.

ഈ സമയം ധ്യാനത്തിലായിരുന്ന പാർവതി ധ്യാനസമാപ്തിയില്‍ തന്റെ പുത്രനെ കാണാതെ അതീവ ദു:ഖിതയായി. ആ ദു:ഖം ഒരു കരിനിഴലായി അഗ്നിയിലാഴ്ന്നു. അതിനുശേഷമത്രേ അഗ്നിക്കു പുകയും അഗ്നി സ്പർശിക്കുന്നതെല്ലാം ചാരവുമായി ഭവിച്ചത്! പിന്നീട് ദേവീദർശനത്താല്‍
ആ ആറു കുമാരന്മാരും ഒന്നായി സ്കന്ദനായിത്തീർന്നു!

തന്റെ പുത്രനെ ഏറ്റെടുത്ത് താരകാസുര നിഗ്രഹത്തിനായി ആ കുമാരനെ സജ്ജമാക്കുന്നിടത്ത് സ്കന്ദമാതാ ഭാവം ദർശനമാകുന്നു. അതുകൊണ്ടുതന്നെ ആറുമുഖങ്ങളുള്ള കുമാരനെ മടിയിലിരുത്തി ശക്തിയാകുന്ന സിംഹത്തിന്റെ പുറത്താസനസ്ഥയായാണ്‌ ഈ ദേവ്യാരാധന.

ഈ ആറു മുഖങ്ങള്‍ ആറു ഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.
ഈശാനം (മംഗളദായകം), തത്പുരുഷം (പരമാത്മാ), വാമദേവം (കവിത്വം), അഘോരം (പാവനം), സത്യോജാതം (സത്യസന്ധത), അധോമുഖം (എളിമ/ വിനയം) തുടങ്ങിയവയാണ് ആ ആറു ഗുണങ്ങള്‍. അതു കുഞ്ഞുങ്ങള്‍ക്കു സമ്മാനിക്കുന്ന മാതാവു പരാശക്തിതന്നെ!

ഒരു മാതാവിന്റെ പൂർണ്ണഭാവം! പത്തുമാസം ഗർഭം ചുമന്നിട്ടില്ലാ, നൊന്തു പ്രസവിച്ചിട്ടില്ലാ ആ പുത്രനെ. എന്നിട്ടും അമ്മ ഭാവത്തില്‍ എന്നും പുത്രന് തുണയായി അവന്റെ പേരില്‍ അറിയപ്പെടാൻ ആഗ്രഹിക്കുന്ന മാതൃഭാവം!

കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ശക്തിയും അതിന്റെ ഫലവും സ്കന്ദ മാതാ ദേവി തരുന്നു .

മാതൃഭാവത്തിന്‍റെ പൂര്‍ണതയാണ് സ്കന്ദജനനിയില്‍ ദൃശ്യമാകുന്നത്. അമ്മയുടെ വാത്സല്യത്തിനും കരുതലിനുമപ്പുറം മറ്റൊന്നുമില്ലെന്ന് എല്ലാവരേയും ബോധ്യപ്പെടുത്തുന്ന ദേവീപ്രഭാവമാണ് സ്കന്ദജനനി.

സ്‌ത്രീചൈതന്യത്തിന്‍റെ വിവിധ രൂപങ്ങളില്‍ ഏതിനെയും നവരാത്രി സമയത്ത്‌ പൂജിക്കാം. ഓരോ ഫലത്തിനും ഓരോ ശക്തിരൂപങ്ങളെ വാഴ്‌ത്തുകയാണ്‌ രീതി. അതിനാല്‍ ഏത്‌ രീതിയില്‍ പൂജിച്ചാലും പൂര്‍ണ്ണഫലം ലഭിക്കും.

വിദ്യാവിജയത്തിന്‌ സരസ്വതി, ദുഃഖമകറ്റാന്‍ ദുര്‍ഗ്ഗ, ശത്രുദോഷത്തിന്‌ മഹാകാളി, ധനലബ്‌ധിക്ക്‌ ലക്ഷ്മിദേവി എന്നിങ്ങനെ ഓരോ ലക്ഷ്യത്തിനും ഓരോ മാര്‍ഗ്ഗങ്ങളാണ്‌ ഉള്ളത്‌.
ഏത്‌ രൂപത്തില്‍ ആരാധിച്ചാലും ദേവിപൂജ എന്നത്‌ ആത്യന്തികമായി മാതൃപൂജയായി മാറണം. ജന്മം നല്‌കിയ അമ്മയെ പൂജിക്കാനുള്ള ദിനങ്ങളാണ്‌ നവരാത്രിയിലേത്‌. ആദിപരാശക്തിയായാണ്‌ ദേവിയെ ഭാരതീയര്‍ കരുതുന്നത്‌. അമ്മയെ തന്നെയാണ്‌ ദേവിയായി ഭാരതീയര്‍ ആരാധിക്കുന്നതും.

”യാ ദേവി സർവ്വ ഭൂതേഷു
മാതൃ രൂപേണ സംസ്ഥിതാ
നമസ്തസൈ നമസ്തസൈ
നമസ്തസൈ നമോ നമ: ”

🌷🌷🌷🌷🌷🌷🌷🌷🌷🌷

Leave a Reply

Your email address will not be published. Required fields are marked *

October 2019
M T W T F S S
« Sep    
 123456
78910111213
14151617181920
21222324252627
28293031