Fri. Dec 6th, 2019

Kshethranganam

Daily Updates

തൃപ്പല്ലാവൂർ_ശിവക്ഷേത്രം

1 min read

ക്ഷേത്രാങ്കണം ക്ഷേത്രങ്ങളിലൂടെ 46…..

തൃപ്പല്ലാവൂർ_ശിവക്ഷേത്രം

കേരളത്തിൽ പാലക്കാട് ജില്ലയിലെ പല്ലാവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രധാനക്ഷേത്രമാണ് തൃപ്പല്ലാവൂർ ശിവക്ഷേത്രം. അത്യുഗ്രമൂർത്തിയും പരമാത്മാവും മഹാദേവനുമായ പരമശിവനും ആദിപരാശക്തിയായ ജഗദംബിക പാർവ്വതിദേവിയുമാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. കൂടാതെ ധാരാളം ഉപദേവതകളുമുണ്ട്. കരിങ്കല്ലിൽ കെട്ടിപ്പൊക്കിയ കോട്ട പോലുള്ള ഭീമൻ മതിൽക്കെട്ടാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. കൂടാതെ, പടിഞ്ഞാറോട്ടുള്ള ദർശനവും വളരെ സവിശേഷമാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം വരുന്നത്. മീനമാസത്തിലെ തിരുവുത്സവം,കന്നിമാസത്തിലെ നവരാത്രി എന്നിവയാണ് ഇവിടത്തെ പ്രധാന
ഐതിഹ്യം

രാവണസഹോദരനായ ഖരൻ എന്ന അസുരന് ഒരിയ്ക്കൽ ഗായത്രിപ്പുഴയുടെകരയിൽ നിന്ന് മൂന്ന് ശിവലിംഗങ്ങൾ കിട്ടി. അവയിൽ രണ്ടെണ്ണം തന്റെ രണ്ടുകൈകളിലും ഒരെണ്ണം വായിൽ പല്ലുകൊണ്ട് കടിച്ചും പിടിച്ചുകൊണ്ട് അയാൾ യാത്രയാരംഭിച്ചു. അവയിൽ വലതുകയ്യിലെ ശിവലിംഗം തൃപ്പാളൂരിലുംഇടതുകയ്യിലെ ശിവലിംഗം അയിലൂരിലുംപല്ലുകൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം പല്ലാവൂരിലും പ്രതിഷ്ഠിച്ചു. പല്ലുകൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം പ്രതിഷ്ഠിച്ചതുകൊണ്ടാണ് ഗ്രാമത്തിന് ‘പല്ലാവൂർ’ എന്ന പേരുതന്നെ വന്നത്. ഈ മൂന്ന് ക്ഷേത്രങ്ങളിലും ഒരേ ദിവസം ഉച്ചയ്ക്കുമുമ്പ് തൊഴുന്നത് പുണ്യകരമായി വിശ്വസിച്ചുവരുന്നു.

ചരിത്രം

ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം ഒരുകാലത്ത്പല്ലവരാജവംശത്തിന്റെ കീഴിലായിരുന്നു. തന്മൂലം ‘പല്ലാവൂർ’ എന്നറിയപ്പെട്ടു എന്നാണ് ചരിത്രകാരന്മാരുടെ സൂചന. പല്ലാവൂരിന്റെ സമീപപ്രദേശമായപല്ലശ്ശനയുടെ പേരും പല്ലവരുമായി ബന്ധപ്പെട്ടുകിടക്കുന്നു. തമിഴ്നാട്ടിൽചെന്നൈയ്ക്കടുത്തുള്ള പല്ലാവരം എന്ന സ്ഥലത്തിന്റെയും പല്ലാവൂരിന്റെയും പേരുകൾ തമ്മിലുള്ള ബന്ധവും രണ്ടിടത്തുമുള്ള ശിവക്ഷേത്രങ്ങളും ഒരു വലിയ സാമ്യത്തിലെത്തിച്ചേരുന്നു. ക്ഷേത്രം നിർമ്മിച്ചതും പല്ലവരാജാക്കന്മാർ തന്നെയാണെന്ന് ചരിത്രം പറയുന്നു. ക്ഷേത്രത്തിന് പുറത്തുള്ള ഭീമൻ ആനപ്പള്ളമതിലും വിളക്കുമാടത്തിൽ നിന്ന് വേർപ്പെട്ടുകിടക്കുന്ന വലിയമ്പലവും പല്ലവനിർമ്മാണരീതിയുടെ പ്രത്യേകതകളാണ്.

ക്ഷേത്രം ആദ്യം ഏലംകുളം, പൂളമന, ഇടമന, പാർളിക്കാട്, മൂന്നുരുളി എന്നീ അഞ്ച് ഇല്ലക്കാരുടെ വകയായിരുന്നു. പിന്നീട്സാമൂതിരിയുടെ കീഴിൽ ക്ഷേത്രം വന്നു. 1945-ൽ എച്ച്.ആർ. & സി.ഇ. എന്ന സംഘടനയുടെ ഉടമസ്ഥതയിൽ വന്ന ക്ഷേത്രം 2008-ൽ മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ അതിന് കീഴിലായി. മലബാർ ദേവസ്വം ബോർഡിന് കീഴിലെ മേജർ ദേവസ്വങ്ങളിലൊ iന്നാണ് തൃപ്പല്ലാവൂർ ദേവസ്വം. എക്സിക്യൂട്ടിവ് ഓഫീസറാണ് ഇതിന്റെ മേൽനോട്ടം വഹിയ്ക്കുന്നത്.

കേരളത്തിലെ വാദ്യചക്രവർത്തിമാരായിരുന്ന പല്ലാവൂർ ത്രയത്തിന്റെ ഓർമ്മകൾ ഇന്നും നാട്ടുകാർക്ക് ഒരാവേശമാണ്. ചെണ്ട,തിമില, ഇടയ്ക്ക, സോപാനസംഗീതംതുടങ്ങി കൈവച്ച മേഖലകളിലെല്ലാം തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇവരുടെ കലാജീവിതം തുടങ്ങിയത് ഈ ക്ഷേത്രത്തിൽ നിന്നാണ്. 1936-ൽ എട്ടാം വയസ്സിൽ ക്ഷേത്രത്തിലെ നവരാത്രിഉത്സവക്കാലത്ത് വിളക്കെഴുന്നള്ളത്തിന് ചെണ്ട കൊട്ടിക്കൊണ്ടായിരുന്നു ഇവരിൽ മൂത്തയാളായിരുന്ന അപ്പുമാരാരുടെഅരങ്ങേറ്റം. പിന്നീട് മറ്റൊരു നവരാത്രിക്കാലത്ത് ഡബിൾ തായമ്പക അവതരിപ്പിച്ചുകൊണ്ട് അനുജന്മാരായിരുന്ന മണിയൻ മാരാരുംകുഞ്ഞിക്കുട്ടൻ മാരാരും അരങ്ങേറ്റം കുറിച്ചു. തുടർന്നുള്ള അഞ്ച് പതിറ്റാണ്ടുകൾ മൂവരുടെയും വാദ്യപ്രകടനങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു. ഒടുവിൽ, വെറും 18 മാസത്തെ (ഒന്നര വർഷം) കാലയളവിൽ മൂവരും ഈ ലോകത്തോട് വിടപറഞ്ഞു. ഇന്ന് ഇവരുടെ ഓർമ്മ നിലനിർത്താനായി ക്ഷേത്രം വക വാദ്യകലാപീഠവും മറ്റും പ്രവർത്തിച്ചുവരുന്നുണ്ട്.

ക്ഷേത്ര നിർമ്മിതി.

ക്ഷേത്രപരിസരവും മതിലകവും’

പല്ലാവൂർ ഗ്രാമത്തിന്റെ ഒത്ത നടുക്ക് പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഭീമാകാരമായ ആനപ്പള്ളമതിൽ പണിതിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണമാണ് കോട്ടപോലെ നിൽക്കുന്ന ഈ മതിൽ. ഇത് ഒറ്റ രാത്രികൊണ്ട് ശിവഭൂതഗണങ്ങൾ പണിതീർത്തതാണെന്നും, എന്നാൽ നേരം വെളുക്കും മുമ്പ് ദേവേന്ദ്രൻ കോഴിയുടെവേഷത്തിൽ വന്ന് കൂക്കിവിളിച്ചപ്പോൾ പണി അവസാനിപ്പിച്ച് സ്ഥലം വിടുകയായിരുന്നുവെന്നുമാണ് നാട്ടുകാരുടെ വിശ്വാസം. ഇതിന് ഉപോദ്ബലകമായി തെക്കുഭാഗത്ത് മതിൽ പണിതിട്ടില്ലെന്ന് കാണാം. ക്ഷേത്രത്തിന് ഇരുവശവും ചെറുതും വലുതുമായ രണ്ട് ക്ഷേത്രക്കുളങ്ങളുണ്ട്. വലിയ ക്ഷേത്രക്കുളം കിഴക്കുഭാഗത്തും ചെറിയ ക്ഷേത്രക്കുളം പടിഞ്ഞാറുഭാഗത്തുമാണ് സ്ഥിതിചെയ്യുന്നത്. ശാന്തിക്കാരും ഭക്തരും ഈ കുളങ്ങളിൽ കുളിച്ചാണ് ക്ഷേത്രദർശനം നടത്തുന്നത്. രണ്ടരയേക്കറിൽ വ്യാപിച്ചുകിടക്കുന്ന തടാകസമാനമായ വലിയ കുളത്തിലാണ് ഉത്സവത്തിന്റെ അവസാനം ഭഗവാന്റെ ആറാട്ട് നടക്കുന്നത്. ചെറിയ കുളം ഭഗവാന്റെ ഉഗ്രത കുറയ്ക്കാനെന്ന സങ്കല്പത്തിൽ പിന്നീട് കുഴിച്ചതാണ്. ക്ഷേത്രത്തിന്റെ ഒരു ഭാഗത്തും ഗോപുരങ്ങളില്ലെന്നത് ഒരു പോരായ്മയായി നിലനിൽക്കുന്നു. ഇപ്പോൾ പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിൽ ഗോപുരങ്ങൾ പണികഴിപ്പിയ്ക്കാൻ ആലോചനകളുണ്ട്. പടിഞ്ഞാറേ നടയിലെ വടക്കേ വരിയിലാണ് ദേവസ്വം ഓഫീസ് സ്ഥിതിചെയ്യുന്നത്. തെക്കുഭാഗത്ത് ക്ഷേത്രത്തിന് അഭിമുഖമായി പഴയകാല അഗ്രഹാരം സ്ഥിതിചെയ്യുന്നു. ഇന്ന് ഇവിടെയുള്ള വീടുകളിൽ അധികവും അന്യജാതിക്കാരുടെ കയ്യിലാണ്.

പടിഞ്ഞാറേ നടയിലെ പ്രധാന കവാടത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് ഈയടുത്ത കാലത്ത് നിർമ്മിച്ച ശീവേലിപ്പുരയാണ്. ഇതിനപ്പുറമാണ് ആനക്കൊട്ടിലുള്ളത്. മൂന്നാനകളെ എഴുന്നള്ളിയ്ക്കാൻ സൗകര്യമുള്ള ഈ ആനക്കൊട്ടിലിൽ തന്നെയാണ് ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ കൊടിമരമുള്ളത്. തേക്കിൻതടിയിൽ തീർത്ത് ചെമ്പുപറകൾ ഇറക്കിപ്രതിഷ്ഠിച്ച ഈ കൊടിമരത്തിന് ഏകദേശം നൂറടി ഉയരം വരും. ഇതിനപ്പുറമാണ് ബലിക്കൽപ്പുര സ്ഥിതിചെയ്യുന്നത്. സാമാന്യത്തിലധികം ഉയരമുള്ള ബലിക്കല്ലാണ് ഈ ക്ഷേത്രത്തിൽ. അതിനാൽ, പുറത്തുനിന്ന് നോക്കിയാൽ ശിവലിംഗം കാണാൻ കഴിയില്ല.

വടക്കുഭാഗത്ത് ക്ഷേത്രം വക ഒരു അഗ്രശാല പണിതിട്ടുണ്ട്. ഇവിടെ പണ്ടുണ്ടായിരുന്ന ഊട്ടുപുരയും സ്റ്റേജും പൊളിച്ചുമാറ്റിയാണ് ഇത് പണിതത്. ഒരേ സമയം കലാപരിപാടികൾക്കും സദ്യയ്ക്കും ഉപയോഗിയ്ക്കാമെന്നതാണ് ഇതിന്റെ ഗുണം. വിശേഷദിവസങ്ങളിൽ ഇവിടെ പരിപാടികൾ കാണാം. ക്ഷേത്രത്തിൽ നടക്കുന്ന വിവാഹങ്ങൾക്കും ഉത്സവക്കാലത്തും സദ്യ വിളമ്പുന്നത് ഇവിടെയാണ്. വടക്കുകിഴക്കുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലുകളിൽഭദ്രകാളിയും സീതാദേവിയുംകുടികൊള്ളുന്നു. പണ്ട് പല്ലാവൂരിനടുത്തുണ്ടായിരുന്ന കനകശ്ശേരി ക്ഷേത്രത്തിലെ പ്രതിഷ്ഠയായിരുന്നു ഇവിടെ കുടികൊള്ളുന്ന ഭദ്രകാളി. അതിനാൽ ‘കനകശ്ശേരി അമ്മ’ എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. സീതാദേവി ഉപദേവതാപ്രതിഷ്ഠയായി വരുന്ന ഏക ശിവക്ഷേത്രം ഇതായിരിയ്ക്കും (സാധാരണയായിശ്രീരാമക്ഷേത്രങ്ങളിലാണ് സീതാദേവിയെ പ്രതിഷ്ഠിച്ചുകാണാറുള്ളത്). രണ്ടും താരതമ്യേന പുതിയ പ്രതിഷ്ഠകളാണ്. 1954-ലാണ് ഈ പ്രതിഷ്ഠകൾ ഇവിടെയുണ്ടായത്.

ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് വടക്കുഭാഗത്ത് ഒരു ചെറിയശ്രീകൃഷ്ണക്ഷേത്രമുണ്ട്. താരതമ്യേന പുതിയ ക്ഷേത്രമാണിത്. ഇവിടത്തെ പ്രതിഷ്ഠകൾ പണ്ട് ഗായത്രിപ്പുഴയുടെ തീരത്തുണ്ടായിരുന്ന പല ക്ഷേത്രങ്ങളിലാണുണ്ടായിരുന്നതെന്ന് വിശ്വസിച്ചുവരുന്നു. ഇപ്പറഞ്ഞ ക്ഷേത്രങ്ങ ഗായത്രിപ്പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിലും മറ്റുമായി തകർക്കപ്പെട്ടപ്പോൾ അവിടത്തെ പ്രതിഷ്ഠകളെ പല്ലാവൂരിൽ കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ഇന്നിവിടെ നിത്യപൂജയുണ്ട്. പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണനെങ്കിലും മിക്ക ക്ഷേത്രങ്ങളിലേതും പോലെ ഇവിടെയും ചതുർബാഹുവായ മഹാവിഷ്ണുവാണ്ശ്രീകൃഷ്ണനായി ആരാധിയ്ക്കപ്പെടുന്നത്. കൂടാതെ ഉപദേവതകളായി ആറ്റായ വിഷ്ണു, ആറ്റായ ശിവൻ, തൃപ്പാത്തറ വിഷ്ണു, ഗണപതി, ശാസ്താവ്,സുബ്രഹ്മണ്യൻ തുടങ്ങിയവരുമുണ്ട്. പ്രധാന പ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഇന്ന് ഈ ക്ഷേത്രത്തിൽ നിത്യപൂജയും വഴിപാടുകളുമെല്ലാമുണ്ട്. തൃപ്പല്ലാവൂർ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് ഈ ക്ഷേത്രം.

മതിൽക്കെട്ടിനകത്ത് കിഴക്കുഭാഗത്ത്, പാർവ്വതീദേവിയുടെ പ്രതിഷ്ഠയ്ക്ക് നേരെ മുന്നിൽ ഒരു പടുകൂറ്റൻ അരയാൽമരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തിസ്വരൂപമാണ്. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി വിശ്വസിച്ചുവരുന്നു. തെക്കുകിഴക്കേമൂലയിൽ ഒരു ചെറിയ ശ്രീകോവിൽ കാണാം. ഇവിടെയും ശിവപ്രതിഷ്ഠ തന്നെയാണ്. ‘തൃപ്പാത്തറ ശിവൻ’ എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. താരതമ്യേന പുതിയ പ്രതിഷ്ഠയാണ് ഇതും. ഗായത്രിപ്പുഴയുടെ കരയിലുണ്ടായിരുന്ന ഒരു ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയായിരുന്നു ഇത്. പിൽക്കാലത്ത്, ക്ഷേത്രം വെള്ളപ്പൊക്കത്തിൽ നശിച്ചപ്പോൾ ഇവിടെക്കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത തറയിൽ കിഴക്കോട്ട് ദർശനമായിനാഗദൈവങ്ങൾ സാന്നിദ്ധ്യമരുളുന്നു. ആദ്യം, കിഴക്കേ നടയിലെ ആൽത്തറയിൽ സാന്നിദ്ധ്യമരുളിയിരുന്ന നാഗദൈവങ്ങളെ ഇങ്ങോട്ട് മാറ്റിപ്രതിഷ്ഠിയ്ക്കുകയായിരുന്നു. നാഗരാജാവായി വാസുകിയാണ് ഇവിടെ സാന്നിദ്ധ്യമരുളുന്നത്. കൂടാതെ നാഗയക്ഷി, നാഗകന്യക, നാഗചാമുണ്ഡി, ചിത്രകൂടം, കരിനാഗം, മണിനാഗം, മറ്റ് ഉത്തമമദ്ധ്യമാധമസർപ്പങ്ങൾ തുടങ്ങിയവരുമുണ്ട്. ഇതിനടുത്തുതന്നെയാണ് ശിവപാർവ്വതീപുത്രനായവേട്ടയ്ക്കൊരുമകന്റെ പ്രതിഷ്ഠയും. ആദ്യം വേട്ടയ്ക്കൊരുമകൻ വടക്കുകിഴക്കുഭാഗത്താണ് സാന്നിദ്ധ്യമരുളിയിരുന്നത്. പിന്നീട്, ഇങ്ങോട്ട് മാറ്റുകയായിരുന്നു.

ശ്രീകോവിൽ

സാമാന്യത്തിലധികം വലിപ്പമുള്ള ഒറ്റനില വട്ടശ്രീകോവിലാണ് തൃപ്പല്ലാവൂർ ശിവക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന് ഏകദേശം 160 അടി ചുറ്റളവുണ്ടാകും. ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിരിയ്ക്കുന്നു. മുകളിൽ സ്വർണ്ണത്താഴികക്കുടം തിളങ്ങിനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ ഗർഭഗൃഹം രണ്ടാക്കിത്തിരിച്ചിരിയ്ക്കുന്നു. ഒരുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി ശിവനും മറുഭാഗത്ത് കിഴക്കോട്ട് ദർശനമായി പാർവ്വതിയുമാണ് കുടികൊള്ളുന്നത്. ഇവിടത്തെ ശിവലിംഗം രുദ്രാക്ഷശിലയാണെന്ന് വിശ്വസിച്ചുവരുന്നു. ഇത് ഈ പ്രതിഷ്ഠയുടെ മാഹാത്മ്യം കൂട്ടുന്നു. മൂന്നടിയിലധികം ഉയരം വരുന്ന ശിവലിംഗമാണിത്. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല തുടങ്ങിയവകൊണ്ട് വിഗ്രഹത്തിന്റെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ തൃപ്പല്ലാവൂരപ്പൻ ശിവലിംഗമായി ശ്രീലകത്ത് വാഴുന്നു.

കിഴക്കേ നടയിലെ പാർവ്വതീസാന്നിദ്ധ്യം താരതമ്യേന അടുത്തകാലത്തുണ്ടായതാണ്. ഉഗ്രമൂർത്തിയായ ശിവന്റെ ഉഗ്രഭാവം കുറയ്ക്കാൻ കൂടിയാകണം ഈ പ്രതിഷ്ഠ നടത്തിയതും. പിന്നീട്, ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്പംഅർദ്ധനാരീശ്വരഭാവമായി. പാർവ്വതീദേവിയ്ക്ക് ശിലാവിഗ്രഹമാണ്. മൂന്നടി ഉയരം വരും. ഒരു കയ്യിൽ താമര പിടിച്ച ദേവി മറുകൈ അരയിൽ കുത്തിനിൽക്കുന്നു. ദേവി ശിവസാന്നിദ്ധ്യത്തിൽ ഇരിയ്ക്കുന്നതിനാൽ സർവ്വമംഗളകാരിണിയായകല്ല്യാണരൂപിണിയാണ്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ ശ്രീപാർവ്വതീദേവി ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിൽ ചുവർച്ചിത്രങ്ങൾ കൊണ്ട് അലംകൃതമല്ലെങ്കിലും ധാരാളം ദാരുശില്പങ്ങൾ കാണാം. ഇതിന്റെ ഓരോ കഴുക്കോലിന്റെയും നിർമ്മാണരീതി അമ്പരപ്പിയ്ക്കുന്നതാണ്. കഴുക്കോലുകളെല്ലാം കൂടി മുകളിൽ വന്നുചേരുന്നതായാണ് കാണിയ്ക്കുന്നത്. വിവിധ ഋഷിമാരുടെയും ദേവീദേവന്മാരുടെയും രൂപങ്ങൾ ഇവിടെ കൊത്തിവച്ചിട്ടുണ്ട്. ഗജമസ്തകങ്ങളും പക്ഷിമാലയും മൃഗമാലയും യുദ്ധരംഗങ്ങളുമെല്ലാം അതിമനോഹരമായി ചിത്രീകരിയ്ക്കപ്പെട്ടിട്ടുണ്ട്. വടക്കുഭാഗത്ത് ഓവ്, വ്യാളീമുഖത്തോടെ മനോഹരമായി നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം പാടില്ല.

നാലമ്പലം ‘
ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിട്ടുണ്ട്. അതിവിശാലമായ നാലമ്പലമാണ് ഇവിടെയുള്ളത്. അതിനാൽ ഭക്തർക്ക് പ്രദക്ഷിണം വയ്ക്കാൻ ധാരാളം സ്ഥലമുണ്ട് (ഓവിനപ്പുറം പോകാതെ). നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനിരുവശവും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടം ഹോമയാഗാദികൾക്കും വടക്കേ വാതിൽമാടം വാദ്യമേളങ്ങൾക്കും ഉപയോഗിച്ചുവരുന്നു. വടക്കുകിഴക്കേമൂലയിൽ ക്ഷേത്രക്കിണറുംതെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയുംപണിതിട്ടുണ്ട്. നാലമ്പലത്തിനകത്തുതന്നെയാണ് പ്രധാന ഉപദേവതകളായ ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ എന്നിവരുടെ പ്രതിഷ്ഠകളും. തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിലാണ് ഗണപതിപ്രതിഷ്ഠ. ഏതാണ്ട് ഒന്നരയടി ഉയരം വരുന്ന ചതുർബാഹു ശിലാവിഗ്രഹമാണ് ഇവിടെ ഗണപതിയ്ക്ക്. വടക്കുപടിഞ്ഞാറേമൂലയിൽ അതുപോലൊരു ശ്രീകോവിലിൽ സുബ്രഹ്മണ്യസ്വാമി കുടികൊള്ളുന്നു. മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഇവിടെ. സുബ്രഹ്മണ്യശ്രീകോവിലിന് തൊട്ടടുത്തുതന്നെയാണ് ശാസ്താവിന്റെയും പ്രതിഷ്ഠ. പൂർണാപുഷ്കലാസമേതനായ ദമ്പതീശാസ്താവാണ് ഇവിടെയുള്ളത്. ശിവലിംഗരൂപത്തിലുള്ള മൂന്ന് കല്ലുകളാണ് മൂവരെയും പ്രതിനിധീകരിയ്ക്കുന്നത്. ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് – ഇവർ മൂവരും കിഴക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്. ശിവപുത്രന്മാരായ മൂവരുടെയും സാന്നിദ്ധ്യം തൃപ്പല്ലാവൂർ ക്ഷേത്രത്തെ ശിവപരിവാരക്ഷേത്രമാക്കിമാറ്റുന്നു.

ശ്രീകോവിലിനെ ചുറ്റിപ്പറ്റി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു.അഷ്ടദിക്പാലകർ (പടിഞ്ഞാറ് – വരുണൻ, വടക്കുപടിഞ്ഞാറ് – വായു, വടക്ക് -കുബേരൻ, വടക്കുകിഴക്ക് – ഈശാനൻ, കിഴക്ക് – ഇന്ദ്രൻ. തെക്കുകിഴക്ക് – അഗ്നി, തെക്ക് – യമൻ, തെക്കുപടിഞ്ഞാറ് -നിര്യതി)‌, സപ്തമാതൃക്കൾ (ബ്രഹ്മാണി,വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി,കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, അനന്തൻ, ബ്രഹ്മാവ്, ദുർഗ്ഗാദേവി, നിർമ്മാല്യധാരി(ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു.

നമസ്കാരമണ്ഡപം

ശ്രീകോവിലിന്റെ നേരെമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. സാമാന്യത്തിലധികം വലിപ്പമുള്ള മണ്ഡപമാണിത്. ഇതിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടത്തോടെ നിലകൊള്ളുന്നു. ഇത് കൊട്ടിയടച്ച നിലയിലാണ് കാണപ്പെടുന്നത്. എങ്കിലും, നാലുഭാഗത്തും വിടവുകളുമുണ്ട്. വിശേഷദിവസങ്ങളിൽ സ്ഥലത്തെ ബ്രാഹ്മണർ ഇവിടെയിരുന്ന് ശ്രീരുദ്രമന്ത്രവും ശിവസഹസ്രനാമവും ജപിയ്ക്കുന്നത് കാണാം. പതിനാറുകാലുകളോടുകൂടിയ നമസ്കാരമണ്ഡപത്തിന്റെ ഓരോ കാലുകളിലും വിവിധ ദേവരൂപങ്ങൾ കാണാം. മണ്ഡപത്തിന്റെ കിഴക്കേ അറ്റത്ത് ഭഗവദ്വാഹനമായ നന്ദിയുടെ ശില്പവും കാണാം. നന്ദിയ്ക്ക് ദിവസവും വിളക്കുവയ്പുണ്ട്.

പ്രധാന പ്രതിഷ്ഠകൾ

ശ്രീ തൃപ്പല്ലാവൂരപ്പൻ (ശിവൻ)

തൃപ്പല്ലാവൂർ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. അത്യുഗ്രമൂർത്തിയായ മഹാകാലനായാണ് പ്രതിഷ്ഠാസങ്കല്പം. മൂന്നടിയോളം ഉയരം വരുന്ന ശിവലിംഗത്തിൽ പടിഞ്ഞാറോട്ട് ദർശനമായാണ് തൃപ്പല്ലാവൂരപ്പൻ കുടികൊള്ളുന്നത്. പടിഞ്ഞാറോട്ട് ദർശനം വരുന്ന പ്രതിഷ്ഠകൾ താരതമ്യേന കുറവാണ്. അവയ്ക്ക് ഉഗ്രത കൂടുതലായിരിയ്ക്കുമെന്ന് താന്ത്രികമതം പറയുന്നു. വിശേഷിച്ചും ശിവക്ഷേത്രങ്ങളിൽ അത്യുഗ്രഭാവമായിരിയ്ക്കും ഉണ്ടാകുക. ഇവിടെ ശിവലിംഗം രുദ്രാക്ഷശിലയിൽ നിർമ്മിച്ചതാണ്. അതിനാൽ ജലാഭിഷേകം മാത്രമേ നടത്താൻ കഴിയൂ. മറ്റ് അഭിഷേകങ്ങൾക്കായി ഒരു പ്രത്യേക ശിവലിംഗം അടുത്തുതന്നെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ശംഖാഭിഷേകം, ധാര, പിൻവിളക്ക്, കൂവളമാല തുടങ്ങിയവയാണ് തൃപ്പല്ലാവൂരപ്പന്റെ പ്രധാന വഴിപാടുകൾ.

ശ്രീപാർവ്വതീദേവി
തൃപ്പല്ലാവൂർ ക്ഷേത്രത്തിലെ രണ്ടാമത്തെ മുഖ്യപ്രതിഷ്ഠ. ഉഗ്രമൂർത്തിയായ ശിവന്റെ കോപം കാരണം സമീപപ്രദേശങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടായപ്പോൾ പരിഹാരവിധിയായി നടത്തിയതാകണം ഈ പ്രതിഷ്ഠ. ഇതിനുശേഷം കോപം കുറഞ്ഞ് ഭഗവാൻ ശാന്തസ്വരൂപിയായി. മൂന്നടിയോളം ഉയരം വരുന്ന ശിലാവിഗ്രഹത്തിൽ ദേവി കിഴക്കോട്ട് ദർശനമായി കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. ശിവനും പാർവ്വതിയും അനഭിമുഖമായി കുടികൊള്ളുന്നതിനാൽ ഇവിടെ അർദ്ധനാരീശ്വരസങ്കല്പം വരുന്നു. ദേവി ശിവസാന്നിദ്ധ്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടെ സർവ്വമംഗളകാരിണിയായ കല്ല്യാണരൂപിണിയാണ്. പട്ടും താലിയും ചാർത്തുന്നതാണ് ദേവിയ്ക്ക് പ്രധാന വഴിപാട്.

ശ്രീകൃഷ്ണഭഗവാൻ’

തൃപ്പല്ലാവൂർ ക്ഷേത്രത്തിന്റെ ഉപക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശ്രീകൃഷ്ണസങ്കല്പമാണെങ്കിലും പ്രതിഷ്ഠ ചതുർബാഹുവായ മഹാവിഷ്ണുവാണ്. പണ്ട് ഗ്രാമത്തിന്റെ തെക്കേയറ്റത്ത് ഗായത്രിപ്പുഴയുടെ കരയിലുണ്ടായിരുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠയായിരുന്നു ഈ ശ്രീകൃഷ്ണൻ. ഗായത്രിപ്പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ക്ഷേത്രം തകർന്നപ്പോൾ അവിടെയുണ്ടായിരുന്ന വിഗ്രഹങ്ങളെയെല്ലാം പല്ലാവൂരിൽ കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ഇന്നിവിടെ നിത്യപൂജയും വഴിപാടുമൊക്കെയുണ്ട്. കിഴക്കോട്ട് ദർശനമായി നാലടി ഉയരം വരുന്ന വിഗ്രഹമാണ് ഇവിടെ ഭഗവാന്. പാൽപ്പായസം, വെണ്ണ, തുളസിമാല, ചന്ദനം ചാർത്ത് തുടങ്ങിയവയാണ് ശ്രീകൃഷ്ണഭഗവാന് പ്രധാന വഴിപാടുകൾ.

ഉപദേവതകൾ

ഗണപതി

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേ മൂലയിലാണ് ശിവപാർവ്വതീപുത്രനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. പ്രത്യേകം തീർത്ത ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ഗണപതിയുടെ വിഗ്രഹത്തിന് ഒന്നരയടി ഉയരം കാണും. പുറകിലെ വലതുകയ്യിൽമഴുവും പുറകിലെ ഇടതുകയ്യിൽ കയറുംമുന്നിലെ ഇടതുകയ്യിൽ മോദകവും ധരിച്ച ഭഗവാൻ മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. വിഘ്നേശ്വരപ്രീതിയ്ക്കായി നിത്യേന ക്ഷേത്രത്തിൽ ഗണപതിഹോമം നടന്നുവരുന്നു. ഒറ്റയപ്പം, മോദകം, കറുകമാല തുടങ്ങിയവയാണ് ഭഗവാന് മറ്റ് പ്രധാന വഴിപാടുകൾ.

സുബ്രഹ്മണ്യൻ
നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേ മൂലയിലാണ് ശിവപാർവ്വതീപുത്രനായ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ. പ്രത്യേകം തീർത്ത ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന സുബ്രഹ്മണ്യന്റെ വിഗ്രഹത്തിന് മൂന്നടി ഉയരം കാണും. രണ്ടുകൈകളുള്ള ബാലസുബ്രഹ്മണ്യസ്വാമിയാണിവിടെ. വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന ഭഗവാൻ ഇടതുകൈ അരയിൽ കുത്തിനിൽക്കുന്നു. ഭഗവാന്റെ വലത്തെ ചുമലിലാണ് ആയുധമായ വേൽ. പഞ്ചാമൃതം, പാലഭിഷേകം, ഭസ്മാഭിഷേകം തുടങ്ങിയവയാണ് സുബ്രഹ്മണ്യസ്വാമിയുടെ പ്രധാന വഴിപാടുകൾ.

ശാസ്താവ്
സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിന്റെ വടക്കുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിലാണ് പൂർണാപുഷ്കലാസമേതനായ ധർമ്മശാസ്താവിന്റെ പ്രതിഷ്ഠ. ശിവലിംഗരൂപത്തിലുള്ള മൂന്ന് വിഗ്രഹങ്ങളാണ് ശാസ്താവിനെയും പത്നിമാരായ പൂർണയെയും പുഷ്കലയെയും പ്രതിനിധീകരിയ്ക്കുന്നത്. ഏതാണ്ട് അരയടി ഉയരം വരും. വനശാസ്താവാണ് പ്രതിഷ്ഠാസങ്കല്പം. അതിനാൽ മേൽക്കൂരയിട്ടിട്ടില്ല. എന്നാൽ, വിളക്കുകൾ കെടാതിരിയ്ക്കാൻ ഒരു ആസ്ബസ്റ്റോസ് ഷീറ്റ് ഇട്ടിട്ടുണ്ട്. നീരാജനം, നെയ്യഭിഷേകം, അഷ്ടാഭിഷേകം തുടങ്ങിയവാണ് ശാസ്താവിന്റെ പ്രധാന വഴിപാടുകൾ.

നാഗദൈവങ്ങൾ

നാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത തറയിൽ കിഴക്കോട്ട് ദർശനമായാണ് നാഗദൈവങ്ങളുടെ സ്ഥാനം. പണ്ട് കിഴക്കേ നടയിലെ ആൽത്തറയിലുണ്ടായിരുന്ന നാഗദൈവങ്ങളെ 1984-ലാണ് ഇന്നത്തെ സ്ഥാനത്തേയ്ക്ക് മാറ്റിയത്. നാഗരാജാവായി വാസുകിയും കൂടെ നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവും ഉത്തമമദ്ധ്യമാധമസർപ്പങ്ങളുമടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, ആയില്യപൂജ, പാൽപ്പായസം തുടങ്ങിയവയാണ് നാഗദൈവങ്ങളുടെ പ്രധാന വഴിപാടുകൾ.

വേട്ടയ്ക്കൊരുമകൻ

നാഗദൈവങ്ങൾക്കടുത്തുതന്നെയാണ് വേട്ടയ്ക്കൊരുമകന്റെയും സ്ഥാനം. കിഴക്കോട്ട് ദർശനമായ വേട്ടയ്ക്കൊരുമകന് ലിംഗരൂപത്തിലുള്ള വിഗ്രഹമാണ്. ഒന്നരയടി ഉയരം വരും. ശിവപാർവ്വതീപുത്രനായ വേട്ടയ്ക്കൊരുമകന് നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്.

ഭദ്രകാളി

നാലമ്പലത്തിന് പുറത്ത് വടക്കുകിഴക്കുഭാഗത്താണ് ഭദ്രകാളിയുടെ പ്രതിഷ്ഠ. അത്യുഗ്രദേവതയായ ഈ ഭദ്രകാളി പല്ലാവൂരിലുണ്ടായിരുന്ന കനകശ്ശേരി ക്ഷേത്രത്തിലെ പ്രതിഷ്ഠയായിരുന്നു. അതിനാൽ, ‘കനകശ്ശേരി അമ്മ’ എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നു. നാലടി ഉയരമുള്ള ചതുർബാഹു വിഗ്രഹമാണ് ഇവിടെ ദേവിയ്ക്ക്. രക്തപുഷ്പാഞ്ജലി, കടുംപായസം, കൂട്ടുപായസം തുടങ്ങിയവയാണ് ഭദ്രകാളിയ്ക്ക് പ്രധാന വഴിപാടുകൾ.

സീതാദേവി,

ഭദ്രകാളിക്ഷേത്രത്തിന് തൊട്ടടുത്താണ് ശ്രീരാമപത്നിയായ സീതാദേവിയുടെ പ്രതിഷ്ഠ. താരതമ്യേന വളരെ പുതിയൊരു പ്രതിഷ്ഠയാണിത്.

തൃപ്പാത്തറ ശിവൻ’

നാലമ്പലത്തിന് പുറത്ത് തെക്കുകിഴക്കേമൂലയിലാണ് തൃപ്പാത്തറ ശിവന്റെ പ്രതിഷ്ഠ. പണ്ട് ഗായത്രിപ്പുഴയുടെ കരയിലുണ്ടായിരുന്ന ഒരു ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയായിരുന്നു ഇത്. ഗായത്രിപ്പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ക്ഷേത്രം നശിച്ചപ്പോൾ ശിവനെ ഇവിടെക്കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. അത്യുഗ്രമൂർത്തിയാണ് തൃപ്പാത്തറ ശിവൻ.ത്രിപുരാന്തകനാണ് പ്രതിഷ്ഠാസങ്കല്പം. വട്ടശ്രീകോവിലിലാണ് ഭഗവാനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ഇത് മറ്റ് ഉപദേവതകളിൽ നിന്ന് അല്പം ഉയർന്ന സ്ഥാനം ഈ പ്രതിഷ്ഠയ്ക്ക് നൽകുന്നു. ശിവപ്രീതികരമായ വഴിപാടുകൾ തന്നെയാണ് ഇവിടെയും നടത്തിവരുന്നത്.

തൃപ്പാത്തറ വിഷ്ണു .

തൃപ്പല്ലാവൂർ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉപദേവതാപ്രതിഷ്ഠയാണ് തൃപ്പാത്തറ വിഷ്ണു. ശ്രീകൃഷ്ണശ്രീകോവിലിന്റെ വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായാണ് പ്രതിഷ്ഠ. പണ്ട് ഗായത്രിപ്പുഴയുടെ കരയിലുണ്ടായിരുന്ന ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠയായിരുന്ന ഈ വിഷ്ണുവിനെ വെള്ളപ്പൊക്കത്തിൽ ക്ഷേത്രം നശിച്ചപ്പോൾ ഇന്നത്തെ ക്ഷേത്രത്തിൽ കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. വിഷ്ണുപ്രീതികരമായ എല്ലാ വഴിപാടുകളും ഇവിടെ നടത്താം.

ആറ്റായ ശിവൻ

ശ്രീകൃഷ്ണക്ഷേത്രത്തിലെ മറ്റൊരു ഉപപ്രതിഷ്ഠയാണ് ആറ്റായ ശിവൻ. പണ്ട് ഗായത്രിപ്പുഴയുടെ കരയിലുണ്ടായിരുന്ന ഒരു ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായിരുന്ന ഈ ശിവനെ പിന്നീട് വെള്ളപ്പൊക്കത്തിൽ ക്ഷേത്രം നശിച്ചുപോയപ്പോൾ ഇവിടെക്കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ശ്രീകൃഷ്ണശ്രീകോവിലിന്റെ വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായാണ് ഈ പ്രതിഷ്ഠ. ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ഇവിടെ നടത്താവുന്നതാണ്.

ആറ്റായ വിഷ്ണു

ശ്രീകൃഷ്ണക്ഷേത്രത്തിലെ മറ്റൊരു ഉപപ്രതിഷ്ഠയാണ് ആറ്റായ വിഷ്ണു. പ്രധാന ശ്രീകോവിലിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് ആറ്റായ വിഷ്ണു കുടികൊള്ളുന്നത്. പണ്ട് ഗായത്രിപ്പുഴയുടെ കരയിലുണ്ടായിരുന്ന ക്ഷേത്രം വെള്ളപ്പൊക്കത്തിൽ നശിച്ചുപോയപ്പോൾ ഇവിടെക്കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. വിഷ്ണുപ്രീതികരമായ എല്ലാ വഴിപാടുകളും ഇവിടെ നടത്താവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

December 2019
M T W T F S S
« Nov    
 1
2345678
9101112131415
16171819202122
23242526272829
3031