Tue. Sep 17th, 2019

Kshethranganam

Daily Updates

എല്ലാമിത്രങ്ങൾക്കും🕉 ക്ഷേത്രാങ്കനത്തിന്റ 🚩 *തിരുവോണാശംസകൾ

തുമ്പയും തുളസിയും തൂശനിലയുമൊക്കെ കാത്തിരുന്നു വരവേല്‍ക്കുന്ന പൊന്നിന്‍ ചിങ്ങത്തിലെ തിരുവോണം വന്നെത്തി.

മലയാളിയുടെ ഗൃഹാതുരത മുഴുവന്‍ ചാലിച്ച പുഷ്പ പാതയിലൂടെ മാവേലിത്തമ്പുരാന്‍ കടന്നുവരുന്ന സുദിനമാണത്. പൂത്തുമ്പികള്‍ പോലും പൂവേ പൊലി പാടുന്ന പൊന്നോണനാളുകള്‍ മലയാളിയുടേതു മാത്രമാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ അക്ഷമയോടെ  കാത്തിരിക്കുകയാണ് തിരുവോണമെത്താന്‍. 

ജീവിതത്തിലേപ്പോലെത്തന്നെ ഓണാഘോഷത്തിലും യാന്ത്രികത വന്നു ചേര്‍ന്നെങ്കിലും കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴമൊഴി യാഥാര്‍ഥ്യ മാക്കും വിധം ഓരോ മലയാളിയും ഈ ദിനത്തിനായി അത്യധ്വാനം ചെയ്യുന്നു. ലോകത്തിന്റെ ഏതു കോണിലിരുന്നാലും ഓണം മലയാളി  മറക്കില്ല. ഏതു നാട്ടിലായാലും ഓണത്തിന് നാട്ടിലെത്താന്‍ കൊതിക്കാത്ത മലയാളിയുണ്ടാകില്ല. 

ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഈ മഹോത്സവം മലയാളിയുടെ  സ്വകാര്യ അഹങ്കാരമാണ്. ഉണ്ണാനില്ലാത്തവനും ഉടയാളനും തമ്മിലുള്ള സുദൃഢമായ ബന്ധത്തിന്റെ ഓര്‍മകളുമായാണ് ഓരോ ഓണവും കടന്നുവരുന്നത്.

പണ്ടൊക്കെ അത്തം മുതല്‍ ഓണാഘോഷം തുടങ്ങും. ആര്‍പ്പുവിളികളും ഓണപ്പാട്ടുമായി ഗ്രാമവീഥികളെങ്ങും  ഓണത്തിലലിയും. ഓണവുമായി ബന്ധപ്പടുത്താതെ ഒന്നുമില്ലാത്ത നാളുകളാണിത്. ഓണക്കാലം, ഓണപ്പൂവ്,, ഓണവെയില്‍, ഓണനിലാവ്, ഓണപ്പുടവ, ഓണത്തുള്ളല്‍, ഓണത്താറ്, ഓണപ്പാവക്കൂത്ത്, ഓണക്കഥകള്‍, ഓണപ്പൊട്ടന്‍, ഓണത്തുമ്പി, ഓണക്കിളി, ഓണക്കളി, ഓണദക്ഷിണ, ഓണത്തല്ല്, ഓണത്താറ്, ഓണപ്പൊട്ടന്‍, ഓണസ്സദ്യ, ഓണക്കോടി, ഓണപ്പാട്ട് ഇങ്ങനെ നീളുന്നു ഓണക്കാഴ്ചകള്‍.

ഓണം വരാനൊരു മൂലം വേണം, ഓണമുണ്ടവയറേ ചൂളം പാടിക്കിട, ഓണത്തേക്കാള്‍ വലിയ മകമുണ്ടോ, ഓണം കഴിഞ്ഞാള്‍ ഓലപ്പുര ഓട്ടപ്പുര, ഓണം പോലെയാണോ തിരുവാതിര, ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി, ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍, അത്തം കറുത്താല്‍ ഓണം വെളുക്കും, കിട്ടുമ്പോള്‍ തിരുവോണം കിട്ടാഞ്ഞാല്‍ ഏകാദശി, ഓണത്തപ്പാ കുടവയറാ നാളെപ്പിറ്റേ തിരുവോണം തുടങ്ങി ഓണവുമായി ബന്ധപ്പെട്ട് ഒട്ടനവധി പഴഞ്ചൊല്ലുകള്‍ നിലവിലുണ്ട്. 

ഓണക്കാലം തുമ്പിതുള്ളല്‍ പോലുള്ള പലതരം കളികള്‍കൊണ്ട് സമ്പന്നമാണ്. ഓണത്തിന് ഓണപ്പുടവ നല്‍കലിന് ഏറെ പ്രാധാന്യ മാണുള്ളത്. ഓണ ക്കോടികളുടെ കരയാകട്ടെ കൂടുതലും മഞ്ഞ വര്‍ണത്തി ലായിരിക്കും. മഞ്ഞ വര്‍ണത്തിന് ഓണക്കാലത്തിന്റെ നിറമാണ്.

തൂശനിലയില്‍ തുമ്പപ്പൂ ചോറു വിളമ്പി വിഭവ സമൃദ്ധിയുടെ രുചിക്കൂട്ടു സമ്മാനിക്കുന്ന ഓണസദ്യ ഏറെ പ്രസക്തമാണ്. പാചകത്തിനും വിളമ്പലിനും മാത്രമല്ല അതു കഴിക്കുന്നതിലും കലയുണ്ട്. ഉണ്ടറിയണം ഓണം എന്നാണ് വയ്പ്പ് ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണക്കാളനും ഓലനും  എരിശേരിയും പച്ചടിയും കിച്ചടിയും പുളിയിഞ്ചിയും നാരങ്ങയും പ്രധാന വിഭവങ്ങള്‍. അവിയലും സാമ്പാറുമൊക്കെ പിന്നീട് വന്നതാണ്. അത്തം പത്തിനു പൊന്നോണവും അന്നു വെളുപ്പിനു തിരുവോണവുമാണ്. തിരുവോണത്തിനുള്ള ഒരുക്കങ്ങളുടെ ദിവസമാണ് ഉത്രാടം. തിരക്കിട്ടുള്ള ഈ ഒരുക്കങ്ങളാണ് ഉത്രാടപ്പാച്ചില്‍. നാലോണം വരെയുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കിവക്കുന്നത് ഉത്രാടത്തിനാണ്.

തങ്ങളുടെ നിലത്ത് കൃഷിപ്പണിചെയ്യുന്നവര്‍ക്ക് തമ്പുരാക്കന്‍മാര്‍ ഓണസദ്യക്കുള്ള വിഭവങ്ങളും ഓണക്കോടിയും നല്‍കിയിരുന്നത് ഉത്രാടം നാളിലായിരുന്നു. ഓണക്കാഴ്ചയുമായെത്തുന്നവര്‍ക്ക് നെല്ലും പുടവയും നല്‍കുന്നതും അന്നുതന്നെ. തിരുവോണം സമത്വത്തിന്റെ ദിനമായിരുന്നതിനാല്‍ ആ ദിനത്തില്‍ ഒന്നും കൊടുക്കുകയും വാങ്ങുകയും പതിവുണ്ടായിരുന്നില്ല. പണ്ടൊക്കെ പാടത്തും പറമ്പിലും പൂക്കൂടയുമായി നടന്ന് കുട്ടികള്‍ പൂ പറിച്ചിരുന്നു. എന്നാല്‍ പൂത്തൊടികളില്‍ പൂക്കളുമില്ല. പൂ പറിക്കാന്‍ കുട്ടികള്‍ക്ക് സമയവുമില്ല. അത്തം മുതല്‍ മുറ്റത്തെ പൂത്തറയില്‍ പൂക്കളമിടുന്നു. തിരുവോണത്തിനു പുലര്‍ച്ചെ ഓണം കൊള്ളുന്നു. കളി മണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പന്മാരെ  അണിഞ്ഞൊരുക്കിയ തറയില്‍ പ്രതിഷ്ഠിച്ച് പൂജനടത്തുന്നു. 

കള്ളപ്പറയും ചെറുനാഴിയും എള്ളോളം പോലും പൊളി വചനങ്ങളുമില്ലാത്ത മാവേലിനാടിന്റെ ഓര്‍മക്ക് നേരും നെറിയും നൂറുമേനി വിളഞ്ഞിരുന്ന സമൃദ്ധിയുടെ സ്മൃതിസുഗന്ധമുണ്ട്. ആ കാലം നമുക്കെന്നും ശുഭപ്രതീക്ഷയേകുന്നു.   

സമൃദ്ധിയും സ്‌നേഹവും നിറഞ്ഞ ഒത്തൊരുമയുടെ സന്ദേശമാണ് ഓണം. ബന്ധങ്ങള്‍ ഉറപ്പിക്കാനും നിലനിര്‍ത്താനും നല്ലനാളെയെക്കുറിച്ച് കൂടുതല്‍ മിഴിവോടെ സ്വപ്‌നം കാണാനും കവാടം തുറക്കുന്ന സുദിനം.

മണ്‍മറഞ്ഞനാളുകളുടെ ഓര്‍മകളില്‍ പുത്തന്‍ പ്രതീക്ഷയുടെ പൊന്‍തേരേറി തിരുവോണമെത്തി.

*🌹എല്ലാമിത്രങ്ങൾക്കും🕉 ക്ഷേത്രാങ്കണം *🚩 *തിരുവോണാശംസകൾ.🌻🌼🏵🏵🌼🌻*

🍃ഓം നമഃ ശിവായ.🙏

Leave a Reply

Your email address will not be published. Required fields are marked *

September 2019
M T W T F S S
« Aug    
 1
2345678
9101112131415
16171819202122
23242526272829
30