Tue. Sep 17th, 2019

Kshethranganam

Daily Updates

തിരുവാറന്മുളയപ്പന്റെ തിരുവോണത്തോണി

1 min read

പള്ളിയോടങ്ങളുടെ ഉല്പത്തിക്ക് കാരണമായ തിരുവോണത്തോണിയെ പറ്റി പറയുമ്പോൾ തിരുവോണത്തോണിയുടെ ഉത്ഭവത്തിനു കാരണമായ കാട്ടൂർ “മങ്ങാട്ട്” മഠത്തിനെ പറ്റി പറയാതിരിക്കാനാവില്ല.

ഏകദേശം 700 വർഷങ്ങൾക്കു മുൻപ് പമ്പയാറിന്റെ തീരത്തു കാട്ടൂർ എന്നൊരു ദേശത്തു “മങ്ങാട്ട്” എന്ന് പേരുള്ള ഒരു ബ്രാഹ്മണ കുടുംബമുണ്ടായിരുന്നു. വേദജ്ഞരായിരുന്ന കൊണ്ട് ഈ കുടുംബക്കാർക്കു ഭട്ടതിരി എന്ന സ്ഥാനപ്പേരും ഉണ്ടായിരുന്നു.

ഈ കുടുംബക്കാർ വിഷ്ണു പ്രീതിക്കായി തിരുവാറന്മുളയപ്പന് വഴിപാടുകൾ അർപ്പിക്കുക പതിവായിരുന്നു. കുടുംബത്തിലെ ഒരു ഭട്ടതിരി എല്ലാ മാസവും തിരുവോണ നാളിൽ ബ്രാഹ്മണർക്കു ഭക്ഷണം നൽകിയ ശേഷമേ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നുള്ളു.

അങ്ങനെയിരിക്കെ ഒരു ചിങ്ങത്തിലെ തിരുവോണ നാളിൽ ഭക്ഷണം സ്വീകരിക്കാൻ ഒരു ബ്രാഹ്മണൻ പോലും വന്നില്ല(എല്ലായിടത്തും ചിങ്ങത്തിലെ തിരുവോണം വിശേഷപ്പെട്ട ദിവസമാകയാൽ സ്വന്തം ഭവനങ്ങളിൽ എല്ലാവരും വിഭവ സമൃദ്ധമായ സദ്യ തയാറാക്കുമെന്നതിനാലാകാം ഇതു സംഭവിച്ചത്), അതിനാൽ വിഷമിച്ച ഭട്ടതിരി തിരുവാറന്മുളയപ്പനെ മനം നൊന്തു പ്രാർത്ഥിക്കുകയും തൊട്ടടുത്ത നിമിഷം തന്നെ ഇവിടെ നിന്നോ ഒരു ബ്രാഹ്മണ ബാലൻ(ഭക്തവത്സലനായ തിരുവാറന്മുളയപ്പൻ) അവിടെ എത്തി എല്ലാ ഉപചാരങ്ങളോടെ ഭക്ഷണം സ്വീകരിക്കുകയും ചെയ്തു.

ഉച്ചക്ക് വന്നു ഭക്ഷണം സ്വീകരിച്ച ബാലനാരാണ് എന്ന് ഉത്തരം കിട്ടാത്ത ഉഴറിയ ഭട്ടതിരിക്കു രാത്രിയിൽ സ്വപ്നത്തിൽ സാക്ഷാൽ തിരുവാറന്മുളയപ്പൻ ദർശനം നൽകുകയും ഇന്ന് ബ്രാഹ്മണ രൂപത്തിൽ മഠത്തിൽ വന്നത് താനാണെന്നും ഇനി മുതൽ എല്ലാ കൊല്ലവും ചിങ്ങത്തിലെ തിരുവോണ നാളിൽ തനിക്കുള്ള സദ്യ വട്ടങ്ങൾ തിരുവാറന്മുളയിൽ എത്തിക്കണമെന്നും അരുളപ്പാടുണ്ടായി.

പിറ്റേ വർഷം മുതൽ തിരുവോണവിഭവങ്ങളുമായി ഒരു തോണി കാട്ടൂർ മഠത്തിൽ നിന്നും ഉത്രാട നാളിൽ പുറപ്പെട്ടു തിരുവോണ നാളിൽ വെളുപ്പിനെ തിരുവാറന്മുളയിൽ എത്തുന്ന രീതിയിൽ യാത്ര തിരിച്ചു തുടങ്ങി. ചെമ്പകശ്ശേരി കുടുംബത്തിലെ വലിയ കെട്ടുവള്ളമായിരുന്നു അക്കാലങ്ങളിൽ തോണിയായി ഉപയോഗിച്ചിരുന്നത്.

വർഷങ്ങൾ കടന്നു പോയി, ഒരു പ്രാവിശ്യം ചിങ്ങത്തിലെ തിരുവോണദിവസത്തിലേക്കുള്ള വിഭവങ്ങൾ ഭഗവാന് തയ്യാറാക്കുന്നതിന് ആവിശ്യമായ സാധനസാമഗ്രികളുമായി തോണി കാട്ടൂർ നിന്ന് യാത്ര തിരിച്ചു അയിരൂർ പ്രദേശത്തു കൂടി വന്നപ്പോൾ കരയിലെ പ്രബലരായ കോവിലന്മാർ തോണി തടഞ്ഞു. വിവരമറിഞ്ഞു സമീപപ്രദേശങ്ങളായ കാട്ടൂർ, ചെറുകോൽ, നെടുംപ്രയാർ എന്നി കരകളിൽ നിന്ന് ചെറുവള്ളങ്ങളിൽ ആളുകളെത്തി കോവിലാന്മാരെയും കൂട്ടരെയും തുരത്തുകയും തോണിക്കു അകമ്പടിയായി സേവിച്ചു തിരുവോണ ദിനം രാവിലെ തോണി തിരുവാറന്മുളയപ്പന്റെ സന്നിധിയിൽ എത്തിച്ചു.

ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ ഭാവിയിലും തോണിക്കു നേരെയുള്ള ആക്രമണങ്ങളെ മുന്നിൽകണ്ട് കരയിൽ നിന്ന് കൂടുതൽ ആളുകൾ കയറുന്ന രീതിയിലുള്ള വള്ളങ്ങൾ നിർമിച്ചു തോണിക്കു അകമ്പടി സേവിക്കുവാൻ കരക്കാർ തീരുമാനിച്ചു.

ആ കാലങ്ങളിൽ ചെമ്പകശ്ശേരി രാജ്യത്തു യുദ്ധത്തിന് ഉപയോഗിച്ചിരുന്നതും വളരെ അധികം ആളുകൾക്ക് കയറാവുന്നതുമായിരുന്ന തോക്കുകളും പീരങ്കികളും ഉറപ്പിക്കുന്നതിനുള്ള “വെടിത്തടി”കളുമായി ചുരുളൻ ഓടി വള്ളങ്ങളുടെ മാതൃകയിൽ വലിയ ചുണ്ടൻവള്ളങ്ങൾ നിർമിച്ചിരുന്നു. അതുപോലൊരു ചുണ്ടൻവള്ളം സമീപ കരയിൽ നിർമിക്കുന്നതിന്റെ ആവശ്യകതയെ പറ്റി ഭട്ടതിരി ചെമ്പകശ്ശേരി രാജാവിനെ ധരിപ്പിച്ചു.

അങ്ങനെ ചെമ്പകശ്ശേരി രാജാവിന്റെ സഹായത്താൽ ശില്പിയായ കൊടുപ്പുന്ന ആചാരിയെ വിളിച്ചു നെടുംപ്രയാർ കരയിൽ ചുണ്ടൻവള്ളം നിർമ്മിച്ചു. ഭഗവാന് വിഭവങ്ങൾ കൊണ്ട് പോകുന്ന തോണിക്കു അകമ്പടി സേവിക്കുന്ന ചുണ്ടൻവള്ളം ആയതിനാൽ അതിനെ “പള്ളിയോടം” എന്ന് നാമകരണം ചെയ്തു. അതിൽ നിന്ന് പല കരകളിലേക്കും പടർന്നു ഇന്ന് 51 പള്ളിയോടങ്ങളിൽ എത്തി നിൽക്കുന്നു നമ്മുടെ “പള്ളിയോട കുടുംബം”

പിൽക്കാലത്തു തിരുവതാംകൂർ മഹാരാജാവ് പരപ്പുഴ ശ്രീ വർഗീസിനെ ആറന്മുളയിലേക്കു കൊണ്ടുവരുകയും, ചെമ്പകശേരി കൊട്ടാരത്തിൽ രാജാവിന്റെ അഭീഷ്ടപ്രകാരം പാർപ്പുറപ്പിച്ച ഇവർക്ക് എല്ലാ വർഷവും പൂരാടം നാൾ കെട്ടുവള്ളം കാട്ടൂരിൽ എത്തിക്കേണ്ട ചുമതല കല്പിച്ചു നൽകി. ചെമ്പകശ്ശേരി കുടുംബത്തിന്റെ കെട്ടുവള്ളത്തിനു പകരം പരപ്പുഴ കുടുംബത്തിന്റെ കെട്ടുവള്ളം തോണിയായത് അങ്ങനെയാണ്. ശ്രീ വർഗീസിൽ നിന്ന് തുടങ്ങി ശ്രീ അച്ചന്കുഞ്ഞിൽ വരെ തുടർന്ന ആ പാരമ്പര്യം ഇന്നലെ പോലെ ഏവരുടെയും മനസ്സിൽ ഉണ്ട്. ആ കാലത്തു തിരുവോണനാളിൽ തോണിയിൽ കൊണ്ട് വന്നിരുന്ന വിഭവങ്ങളുടെ ഒരു പങ്കു പരപ്പുഴകർക്കുള്ളതായിരുന്നു. പരപ്പുഴ കുടുംബ ശാഖയിൽ പെട്ട പള്ളിയമ്പിൽ വീട്ടിൽ നിന്നായിരുന്നു കെട്ടുവള്ളത്തിന്റെ തലക്കൽ കെട്ടാനുള്ള കയർ കൊടുത്തിരുന്നത്. 1957 വരെ ഈ രീതിയിലാണ് ചടങ്ങുകൾ നടന്നിരുന്നത്.

1958-ഇൽ തിരുവതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ തിരുവാറന്മുളക്ക് തിരുവോണത്തോണി സമ്മിക്കുക ഉണ്ടായി.

തൻ്റെ 32-ആം വയസിൽ പ്രസിദ്ധ പള്ളിയോട ശില്പിയായ ശ്രീ കോവിൽമുക്ക് നാരായണചരിക്കാണ് ആ ഭാഗ്യം കൈവന്നത്. അണിയത്തു ഗരുഡ മുഖവും നടുവിൽ മണിമണ്ഡപവുമായി നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ പണിതു നീരണിഞ്ഞ തോണി തിരുവാറന്മുളക്ക് വിസ്മയമായിരുന്നു. അതിലൂടെ നാരായണൻ ആചാരി വളരെ പ്രശസ്തനാവുകയും ചെയ്തു.

43 വർഷങ്ങൾക്കു ശേഷം തിരുവോണത്തോണി ജീർണാവസ്ഥയായതിനെ തുടർന്ന് പ്രസിദ്ധ പള്ളിയോട ശിൽപ്പിയായ ശ്രീ ചങ്ങംകരി വേണു ആചാരിയുടെ നേതൃത്വത്തിൽ ശ്രീ അയിരൂർ ചെല്ലപ്പൻ ആചാരിയും അയിരൂർ സന്തോഷ് ആചാരിയും ചേർന്ന് തിരുവാറന്മുളയപ്പന്റെ കിഴക്കേ നടയിലെ മാലിപുരയിൽ പണികൾ പുരോഗമിക്കുന്ന കാലം.

മാലിപുരയിലെ നിത്യ സന്ദർശകനായിരുന്നു കൃഷ്ണപരുത്തിന്റെ മുഖം വേണുച്ചേട്ടൻ ഉളിയിൽ ആവാഹിച്ചു കടഞ്ഞെടുത്തതാണ് നിലവിലുള്ള തിരുവോണത്തോണിയുടെ ഗരുഡാമുഖം. പണികൾ പൂർത്തിയായി 2002 ഓഗസ്റ്റ് 11 ന് തിരുവാറന്മുളയപ്പന്റെ രണ്ടാമത്തെ(ഗരുഡമുഖമുള്ളത്) പൊന്നും തിരുവോണത്തോണി നീരണിഞ്ഞു.

മങ്ങാട്ട് ഭട്ടതിരി ഇതിനോടകം തന്നെ കാട്ടൂർ നിന്നും കുമാരനല്ലൂരിലേക്കു താമസം മാറിയിരുന്നു. പക്ഷെ ആചാരങ്ങൾക്ക് ഒരു മുടക്കവും കൂടാതെ അറിയിപ്പ് തോണിയിൽ എല്ലാ വർഷവും കുമാരനല്ലൂരിൽ നിന്ന് ജലമാർഗം സഞ്ചരിച്ചു കാട്ടൂരിൽ എത്തി തിരുവോണത്തോണിയിൽ പള്ളിയോടങ്ങളുടെ അകമ്പടിയോടുകൂടി ഭഗവാന് വിഭവങ്ങൾ തിരുവാറന്മുളയിൽ എത്തിച്ചിരുന്നു.

കഴിഞ്ഞ പതിനെട്ടു വർഷങ്ങളായി ശ്രീ നാരായണ ഭട്ടതിരിയാണ് ചടങ്ങുകളുമായി ബന്ധപെട്ടു കുമാരനല്ലൂരിൽ നിന്നും തിരുവാറന്മുളക്ക് എത്തുന്നത്.

കർക്കിടകം മുതൽ ഗ്രാമം വിട്ടു പുറത്തു പോകാതെ പൂജയും വൃതവുമായി കഴിഞ്ഞു കൂടി ചിങ്ങം മാസത്തിലെ മൂലം നാളിൽ ആണ് കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തു നിന്നും ഭട്ടതിരി തിരുവാറന്മുളക്ക് പുറപ്പെടുന്നത്. പഴയ വള്ളം ജീർണാവസ്ഥയിൽ ആയതിനെ തുടർന്ന് പള്ളിയോട സേവാ സംഘം 2000-ഇൽ നിർമ്മിച്ചു നൽകിയ വളവരയുള്ള ചുരുളൻവള്ളത്തിലാണ് യാത്ര.

കുമാരനല്ലൂർ ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തു കൂടി ഒഴുകുന്ന മീനച്ചിലാറിന്റെ തീരത്താണ് മങ്ങാട്ട് ഇല്ലം അവിടെ നിന്നും പുറപ്പെട്ട് ഏതാണ്ട് 3-4 മണിക്കൂർ യാത്ര ചെയ്തു കൊടൂരാറ്റിൽ എത്തുന്നു

കൊടൂരാറ്റിൽ നിന്ന് കായലിൽ പ്രവേശിച്ചു സാഹസം നിറഞ്ഞ യാത്രയിൽ രാത്രി 8 മണിയോട് കൂടി ചെറുകരയിൽ എത്തി വിശ്രമം.

പിറ്റേന്ന് കിടങ്ങറ വഴി യാത്ര ചെയ്തു പമ്പയിൽ പ്രവേശിക്കുന്നു. പെരിങ്ങര മൂവാടത്തു മനയിൽ സ്വീകരണം ഭക്ഷണം എന്നിവക്ക് ശേഷം തിരുവാറന്മുളക്ക്, രാത്രി 7 മണിയോടെ ആറന്മുള സത്രത്തിലെത്തി വിശ്രമം.

പിറ്റേന്ന് ഉത്രാട ദിനം രാവിലെ ആറന്മുളയിൽ നിന്ന് യാത്ര തിരിച്ചു മേലുകര വെച്ചൂർ മഠത്തിൽ എത്തി പ്രഭാത ഭക്ഷണം കഴിഞ്ഞു അയിരൂർ പുതിയകാവിൽ ദർശനം, ഭട്ടതിരി എത്തിയ ശേഷമേ പുതിയകാവിലമ്മക്ക് അന്നേ ദിവസം ഉച്ച പൂജയുള്ളൂ.

അതിനു ശേഷം കാട്ടൂരിലേക്കു ഭട്ടതിരി യാത്രയാകും. തുടർന്ന് കാട്ടൂർ ക്ഷേത്രക്കടവിൽ എത്തുന്ന ഭട്ടതിരിയെ ക്ഷേത്രോപദേശക സമിതി അംഗങ്ങളും 18 നായർ തറവാടുകളിലെ പ്രതിനിധികളും ചേർന്ന് ആചാരപൂർവം സ്വീകരിച്ചു ക്ഷേത്രത്തിലേക്ക് ആനയിക്കും.

തോണിയിൽ കയറുവാൻ അവകാശമുള്ളത് കാട്ടൂർ കരയിലെ 18 നായർ കുടുംബത്തിലെ അംഗങ്ങൾക്കാണ്. താഴെ പറയുന്ന കുടുംബങ്ങളാണ് അത് (1) മുടക്കോഓംവീട് (2) തെക്കിഴത്തു (3) താനത് (4) മറ്റപ്പള്ളിൽ (5) കാരുപള്ളിലായ വടശേരിമഠം (6) ഉത്തര (7) കണിയാംപറമ്പിൽ (8) മഴവഞ്ചേരിൽ (9) പാലേലിൽ (10) തലത്തെഴ (11) ഇടയിലെത്തു (12) പുതുപ്പള്ളിൽ (13) പണ്ടാരത്തിലേതു (14) കാറ്റാടിക്കൽ (15) കിടങ്ങിൽ (16) തോട്ടത്തിൽ (17) ആലക്കോട്ടു (18) പറത്തിട്ട.

തിരുവാറന്മുള ക്ഷേത്രത്തിലെ ചോതി അളവിൽ കാട്ടൂർ മഠത്തിനു ലഭിക്കുന്ന 51 പറ നെല്ല് മേല്പറഞ്ഞ 18 നായർ തറവാട്ടിലെ സ്ത്രീകൾ വ്രതശുദ്ധിയോടെ കാട്ടൂർ മഹാവിഷ്ണു ക്ഷേത്ര പരിസരത്തു വെച്ച് തന്നെ കുത്തിയെടുത്തു അരിയാക്കി തിരുവോണത്തോണിയിൽ തിരുവാറന്മുളയപ്പനുള്ള തിരുവോണ വിഭവങ്ങളുടെ കൂടെ കൊടുത്തു വിടുകയാണ് ചെയ്യാറ്.

ഭട്ടതിരിയെ സ്വീകരിച്ച ശേഷം തോണിയുമായി ഈ 18 വീട്ടിലെ പ്രധിനിധികൾ മൂക്കന്നൂർ കടവിലേക്ക് തോണിയുമായി പോകുകയും തോണി തേച്ചു കുളിപ്പിക്കുകയും ചെയ്യുന്നു.

അതിനു ശേഷം അവടെ ഉള്ള നാല് വീടുകളിൽ നിന്ന് അവൽ പൊതികൾ ചെന്ന് സ്വീകരിച്ചു അവരെ പാടി സ്തുതിച്ചു തിരുവോണത്തോണിയുമായി തിരികെ കാട്ടൂരിൽ എത്തി 18 നായർ തറവാടുകളിൽ ഒന്നിൽ വെച്ച് നടത്തുന്ന തോണി സദ്യയിൽ പങ്കു കൊള്ളുന്നു.

വള്ളസദ്യയുടെ അത്രേം വിഭവങ്ങൾ തോണി സദ്യയിലും വിളമ്പും, വിലക്കത്തു വിളമ്പി ഭഗവാനെ സ്തുതിച്ചു പാടിയ ശേഷമാണു സദ്യ നടക്കുക.

കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു ശേഷം തിരുവാറന്മുളയിലെ കെടാവിളക്കിലേക്കു പകരാനുള്ള ദീപം മേൽശാന്തി പകർന്നു നൽകും. തുടർന്ന് 18 തറവാടുകളിൽ നിന്നുള്ള പ്രതിനിധികൾ തിരുവാറന്മുളയപ്പനുള്ള തിരുവോണവിഭവങ്ങൾ തോണിയിൽ കയറ്റുന്നു.

ഭട്ടതിരിയെ അനുഗമിച്ചു തോണിയിലേറി, വഞ്ചിപ്പാട്ടിന്റെയും വയ്ക്കുരവയും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ തിരുവോണത്തോണിയും അകമ്പടി സേവിക്കാനെത്തുന്ന പള്ളിയോടങ്ങളും കിഴക്കോട്ടു മൂന്നു വള്ളപ്പാട് തുഴഞ്ഞു വടക്കോട്ടു തിരിച്ചു പടിഞ്ഞാറു ലക്ഷ്യമാക്കി പോകുന്നു.

തിരുവാറന്മുളക്കുള്ള യാത്രയിൽ ആദ്യം അയിരൂർ മഠത്തിൽ നിർത്തുകയും ദീപാരാധനയും അത്താഴത്തിനു ശേഷം യാത്ര തുടർന്ന് മേലുകര വെച്ചൂർ മഠത്തിലെത്തി സോപാനസംഗീതത്തിൽ ആറാടി, തുടർന്ന് ദീപാരാധനയും.

പണ്ടൊരിക്കൽ തിരുവോണത്തോണി തിരുവാറന്മുളക്ക് വരുന്ന വേളയിൽ കൈപ്പുഴ കയത്തിന്റെ നിക്ഷേപ മാലിയുടേം സമീപം തോണിയെത്തി മുൻപോട്ടു നീങ്ങാതെ വട്ടം കറങ്ങി കൊണ്ടേ ഇരുന്നു.

ആ കാലങ്ങളിൽ തിരുവാറന്മുള ക്ഷേത്രത്തിലെ വെളിച്ചപ്പാട് തിരുവോണത്തോണിയിൽ പോകുന്ന പതിവുണ്ടായിരുന്നു.

തോണി മുൻപോട്ടു പോകാതെ വട്ടം കറങ്ങുന്നത് കണ്ട വെളിച്ചപ്പാട് തുള്ളി ഉറഞ്ഞു ആ ഭാഗത്തെവിടെയോ ആഹാരത്തിനു വകയില്ലാത്ത ഒരു വീട് ഉണ്ടെന്നു അരുളി ചെയ്തു.

തോണിയിലെ കാര്യക്കാർ അത് തിരക്കി കണ്ടു പിടിച്ചു. അവടെ ചെന്നപ്പോൾ ഒരു അമ്മൂമ്മ തീ കത്തിച്ചു ഇരിക്കുന്നു, എന്തിനാ വെറുതെ തീ കത്തിക്കുന്നതിനു മറുപടിയായി മറ്റുള്ളവർ നോക്കുമ്പോൾ അവിടെയും ആഹാരം പാകം ചെയ്യുന്നു എന്ന്‌ കരുതട്ടെ എന്ന്‌ പറഞ്ഞു.

മുറവുമായി തങ്ങളെ പിന്തുടരാൻ കാര്യക്കാർ പറയുകയും അങ്ങനെ ചെയ്ത അമ്മൂമ്മക്ക്‌ മുറം നിറയെ വിഭവങ്ങൾ തോണിയിൽ നിന്ന് സമ്മാനിക്കുകയും ഉണ്ടായി. ഇത് കുറച്ചു വർഷങ്ങൾ തുടരുകയും. ഒരു വർഷം തോണിയെത്തിയപ്പോൾ തീരത്തു അമ്മൂമ്മയെ കാണാതിരുന്നവർ അറിഞ്ഞത് അമ്മൂമ്മ മരിച്ചു പോയി എന്നാണ്.

ഇതിന്റെ ഓർമക്കായി ഇന്നും ഈ ഭാഗത്തു വരുമ്പോൾ തിരുവോണത്തോണിയിൽ നിന്ന് മൂന്നു പിടി അരി പമ്പ നദിയിലേക്കു സമർപ്പിക്കാറുണ്ട്.

അതിനു ശേഷം പരപ്പുഴ കടവിൽ തിരുവോണത്തോണിക്ക് സ്വീകരണം, ഇതേ തുടർന്ന് പരപ്പുഴ കുടുംബത്തിന്റെ വക വെടിക്കെട്ടും. ഈ വേളയിൽ ഭട്ടതിരി പമ്പയിൽ ദേഹശുദ്ധി വരുത്തുകയും ചെയ്യും.

കാട്ടൂർ മുതൽ അകമ്പടി സേവിക്കുന്ന തിരുവാറന്മുളയപ്പന്റെ പൊന്നോമനകളായ പള്ളിയോടങ്ങളുടെ സംരക്ഷണത്തിൽ തിരുസന്നിധിയിലേക്കു….. പുലർച്ചെ 6 മണിക് ക്ഷേത്രക്കടവിലെത്തുന്ന തോണിയെ ദേവസ്വം ബോർഡ് അധികൃതരും ക്ഷേത്ര ഉപദേശക സമതി അംഗങ്ങളും പള്ളിയോട സേവാ സംഗം ഭാരവാഹികളും ചേർന്ന് സ്വീകരിക്കും.

തോണിയിൽ കൊണ്ട് വന്ന സാധനസമഗ്രഗികൾ ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുകയും ഭട്ടതിരി മേൽശാന്തിക്ക് കെടാവിളക്കിലേക്ക് പകരാനുള്ള ദീപം നൽകി പുറത്തിറങ്ങുകയും ചെയ്യുന്നതോടു കൂടി തിരുവോണ സദ്യയുടെ ഒരുക്കങ്ങൾ തുടങ്ങുകയായി.

ഭഗവാനോടൊപ്പം സദ്യ കഴിക്കുന്ന ഭട്ടതിരി വൈകിട്ട് ദീപാരാധനയും തൊഴുതു ദേവസ്വം ബോർഡ് നൽകുന്ന പണി കിഴി(800 രൂപ) ഭഗവാന് സമർപ്പിച്ചു അടുത്ത വർഷവും ഭഗവാനെ വണങ്ങാനുള്ള ഭാഗ്യം ഉണ്ടാവണേ എന്ന്‌ പ്രാർത്ഥിച്ചു കൊണ്ട് കുമാരനല്ലൂരിലേക്കു മടങ്ങും.

ഓം ശ്രീ തിരുവാറന്മുള അപ്പാ ശരണം..

Leave a Reply

Your email address will not be published. Required fields are marked *

September 2019
M T W T F S S
« Aug    
 1
2345678
9101112131415
16171819202122
23242526272829
30