Tue. Sep 17th, 2019

Kshethranganam

Daily Updates

തിരുവോണനാളിലെ ചടങ്ങുകള്‍

  തിരുവോണപുലരിയില്‍ കുളിച്ചു കോടിവസ്ത്രമണിഞ്ഞ് അത്തപ്പൂവിടുന്നു. തുടര്‍ന്നു പൂക്കളത്തിനു മുന്‍പില്‍ ആവണിപ്പലകയിലിരിുന്ന് ഓണത്തപ്പന്റെ സങ്കല്‍പരൂപത്തിനു മുന്നില്‍ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളില്‍ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. കളിമണ്ണിലാണു രൂപങ്ങള്‍ മെനഞ്ഞെടുക്കുന്നത്.

തിരുവോണചടങ്ങുകളില്‍ വളരെ പ്രാധാന്യമുള്ളതാണു തൃക്കാക്കരക്ഷേത്രത്തില്‍ മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കുന്നത്. വാമനന്റെ കാല്‍പാദം പതിഞ്ഞ ഭൂമി എന്ന അര്‍ത്ഥത്തിലാണ് തൃക്കാല്‍ക്കര ഉണ്ടായതെന്ന് ഐതിഹ്യം. കേരളത്തിന്റെ മണ്ണില്‍ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്. തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുമുണ്ട്. മഹാബലിയെ വരവേല്‍ക്കുന്നതിനായാണു വീട്ടുമുറ്റത്തോ പൂമുഖത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവു കൊണ്ട് കോലം വരച്ച് അതിനു മുകളില്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങള്‍ പ്രതിഷ്ഠിക്കുന്നു. തുമ്പക്കുടം, പുഷ്പങ്ങള്‍ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവില്‍, മലര്‍ തുടങ്ങിയവയും ഇതിനോടപ്പം വെയ്ക്കുന്നു.

വിഭവസമൃദ്ധം ഓണ സദ്യ

  ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്. ഉണ്ടറിയണം ഓണം എന്നാണ് പഴമൊഴി. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ് ഓണസദ്യയില്‍ പ്രധാന വിഭവങ്ങള്‍. അവിയിലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക് കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരന്‍, 12 പലക്കാരന്‍ എന്നിങ്ങനെ പപ്പടക്കണക്ക്.

ഉപ്പേരി നാലുവിധം ചേന, പയറ്, വഴുതനങ്ങ, പാവക്ക, ശര്‍ക്കരപുരട്ടിക്ക് പുറമേ പഴം നുറുക്കും പഴവും പാലടയും പ്രഥമനും. വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയില്‍ ഇല വയ്ക്കണം. ഇടതുമുകളില്‍ ഉപ്പേരി, വലതുതാഴെ ശര്‍ക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളന്‍, ഓലന്‍, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറില്‍ ആദ്യം പരിപ്പുകറിയാണ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിര്‍ബന്ധം. കുട്ടനാട്ടില്‍ പണ്ട് ഉത്രാടം മുതല്‍ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു.

സദ്യ കഴിഞ്ഞ് കളികള്‍

  ഓണവിനോദങ്ങളില്‍ പ്രഥമസ്ഥാനമാണ് കൈകൊട്ടിക്കളിക്കുള്ളത്. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒരിനമാണിത്. മുറ്റത്ത പൂക്കളത്തിനു ചുറ്റും നടത്തിവരുന്ന കൈകൊട്ടിക്കളി വീടുകളുടെ ഉള്‍ത്തടങ്ങളിലും നടത്താറുണ്ട്. ഒരാള്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ഒപ്പം വട്ടത്തില്‍ നിന്ന് ചുവടുവച്ച് കൈകൊട്ടിക്കളിക്കുകയുമാണ് പതിവ്.  പിന്നെ പുരുഷന്‍മാരുടെ വക ഓണത്തല്ലുമുതല്‍ പുലികളി വരെ നീളുന്ന വിനോദങ്ങള്‍. കുട്ടികള്‍ക്കായി ഊഞ്ഞാലാട്ടവും.

ഓണാവസാനം പൂക്കളമിളക്കല്‍

 ഓണാദിനാഘോഷത്തിനു അവസാനം കുറിക്കുന്നതു പൂക്കളമിളക്കലോടെയാണ്. വൈകുന്നേരമാണ് ഈ ചടങ്ങ്. വെയിലാറിക്കഴിഞ്ഞ് ഓണത്തപ്പനുളള പൂവട തയ്യാറാക്കുന്നു. പിന്നീട് കുളിച്ച് ശുദ്ധമായി പുതുവസ്ത്രങ്ങളണിഞ്ഞുവന്ന് ഓണപ്പൂക്കളത്തിനു മുന്നില്‍ ആവണിപ്പലകയിലിരിക്കുന്നു.

  ഓണത്തപ്പന്റെ സങ്കല്‍പ്പരൂപത്തിനു മുന്നില്‍ അരിമാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. അതിനുശേഷം പച്ച ഈര്‍ക്കിലി കൊണ്ട് അമ്പും വില്ലുമുണ്ടാക്കി. ഗണപതിയായി സങ്കല്‍പ്പിച്ചുവച്ചിരിക്കുന്ന ഉരുളയിലേക്ക് അമ്പ് തൊടുക്കുന്നു. എന്നിട്ട് അതിളക്കിമാറ്റി വയ്ക്കുന്നു. തുടര്‍ന്ന് ഓണത്തപ്പനെയും ഇളക്കിമാറ്റി പൂക്കളത്തിലെ പൂക്കള്‍ അവിടവിടെ ഇളക്കിയിടുന്നു. അതോടെ പൂമുറ്റത്തെ ഓണം അവസാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

September 2019
M T W T F S S
« Aug    
 1
2345678
9101112131415
16171819202122
23242526272829
30