Tue. Sep 17th, 2019

Kshethranganam

Daily Updates

കേരളത്തിലെ നാഗപൂജാ ചരിത്രം

1 min read

പരശുരാമനാണ് കേരളത്തിലെ നാഗാരധനയ്ക്ക് ആരംഭം ഉണ്ടാക്കിയതെന്നാണ് ഐതിഹ്യം. കേരളം സൃഷ്ടിച്ചപ്പോള്‍ പാമ്പുകളുടെ ആധിക്യവും ജലത്തിലെ ലവണാംശക്കൂടുതലും കാരണം ഭൂമി വാസയോഗ്യമല്ലാതായി. ഇതിനാല്‍ പരശുരാമന്‍ തപസ്സു ചെയ്തു ശ്രീ പരമേശ്വരന്റെ ഉപദേശം സ്വീകരിച്ചു. അനന്തരം വീണ്ടും തപസ്സനുഷ്ടിച്ചു നാഗരാജനായ അനന്തനെയും സര്‍പ്പ ശ്രേഷ്ടനായ വാസുകിയെയും പ്രത്യക്ഷപ്പെടുത്തി. സര്‍പ്പങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലം നല്‍കുകയും പൂജകള്‍ ചെയ്യുകയും ചെയ്‌താല്‍ സര്‍പ്പ ശല്യം ഉണ്ടാവുകയില്ലന്നും, ജലത്തിലെ ലവണാംശ നിവാരണത്തിനായി അവരെ നിയോഗിക്കയും ചെയ്തു. അങ്ങിനെ ഭൂമി കൃഷിയ്ക്കും താമസത്തിനും യോഗ്യമാക്കിയ പരശുരാമനാണ് നാഗങ്ങളെ പ്രതിഷ്ഠച്ചതെന്നാണ് ഐതിഹ്യം.

മനുഷ്യര്‍ പണ്ടുകാലം മുതല്‍ നാഗാരാധന നടത്തുകയും അവ മനുഷ്യനെ സംരക്ഷിക്കുമെന്നും വിശ്വസിച്ചു പോരുന്നു. പഴയകാലത്ത് സ്ത്രീകള്‍ നാഗഫണത്താലിയും, മാലകളും, വളകളും, മോതിരവും ധരിച്ചു വന്നതായി കാണാം .കേരളത്തില്‍ ധര്‍മ്മദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചു വരുന്നു. മിക്ക തറവാടുകളിലും സര്‍പ്പക്കാവും വിളക്കു വെയ്ക്കലും, ഇന്നും തുടര്‍ന്നു വരുന്നു.

പ്രശസ്തമായ നാഗ ക്ഷേത്രങ്ങള്‍ :

മണ്ണാറശാല :

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് നിന്നും ഏകദേശം 3 കി.മീ വടക്കു പടിഞ്ഞാറായിട്ടീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രധാന പ്രതിഷ്ഠ വാസുകിയും സര്‍പ്പ യക്ഷിയുമാണ്. കിഴക്കോട്ടാണു ദര്‍ശനം. തപസ്സില്‍ പ്രസാദിച്ചു പ്രത്യക്ഷനായ ശ്രീ നാഗരാജാവിനെ പരശുരാമന്‍ പ്രതിഷ്ഠിച്ചത് ഇവിടെയാണ്. കാവുകളും, കുളങ്ങളും, ചിത്രകൂടങ്ങളും നിറഞ്ഞ മണ്ണാറശാല ക്ഷേത്രത്തിന്റെ തെക്കു ഭാഗത്ത്‌ കരിങ്കല്ല് കൊണ്ടു തീര്‍ത്ത രണ്ടു ഉപ ക്ഷേത്രങ്ങളുണ്ട് .ഒന്ന് നാഗരാജവിന്റേത് മറ്റൊന്ന് രാജ്ഞ്ഞിയായ നാഗ യക്ഷിയമ്മയുടേതും, സഹോദരി നാഗ ചാമുണ്ഡിയും ഇവിടെ കുടികൊള്ളുന്നു.
നാഗചാമുണ്ഡി ചിത്രകൂടത്തിലാണ്. ഇവിടെ പൂജയൊന്നുമില്ല. ക്ഷേത്രത്തിലെ ഇല്ലത്തു നിലവറയ്ക്കകത്തു പഞ്ച മുഖ നാഗമായ അനന്തന്‍ കുടികൊള്ളുന്നു. ഇല്ലത്തെ വലിമ്മയാണു പൂജ നടത്തുന്നത്. അതും വര്‍ഷത്തില്‍ ഒന്നു മാത്രം. അനന്തനെ ആദരവോടെ അപ്പൂപ്പനെന്നും പറയും. നിലവറയോടടുത്തുള്ള കാടിന് അപ്പൂപ്പന്‍ കാവെന്നും പറയുന്നു. ഇതിനോടു ചേര്‍ന്ന് തന്നെ ശാസ്താവ്, ഭദ്രകാളി എന്നീ ക്ഷേത്രങ്ങള്‍ ഉണ്ട്. ധാരാളം നാഗരൂപങ്ങൾ ഇവിടെ കാണാം .

പണ്ടു ഭാര്‍ഗ്ഗവ രാമന്റെ നിര്‍ദേശത്താല്‍ മുടങ്ങാതെ പൂജകള്‍ നടത്തിയും പൂജാധികാരം ലഭിച്ച ബ്രാഹ്മണ പ്രമുഖനായിരുന്നു ശ്രീ വാസുദേവന്‍ . അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീദേവി. ഇവര്‍ക്കൊരു ദുഃഖം സദാ അലട്ടികൊണ്ടിരുന്നു. വളരെ കാലമായിട്ടും ഉണ്ണിയുണ്ടായില്ല. അക്കാലത്ത് ക്ഷേത്രത്തിനു ചുറ്റുമുള്ള ഉപവനങ്ങളില്‍ അപ്രതീക്ഷിതമായി തീ പടര്‍ന്നു പിടിച്ചു. ആളി പടര്‍ന്ന തീയില്‍ നിന്നും രക്ഷ തേടി സര്‍പ്പ ഗണങ്ങള്‍ നാഗ നായകന്‍റെ സന്നിധിയിലേയ്ക്ക് ഓടിയണഞ്ഞു. വ്രണിത ശരീരികളായ നാഗങ്ങളെ അവര്‍ പരിചരിച്ചു വേണ്ടതെല്ലാം നല്‍കി. തന്റെ ഇഷ്ട നാഗങ്ങളെ പരിചരിക്കുന്നതു കണ്ട ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് വാസുദേവൻ, ശ്രീ ദേവിമാരെ അനുഗ്രഹിച്ചു. ആശ്രയിക്കുന്ന ഭക്തന്മാര്‍ക്കു വംശ ഭാഗ്യം ചൊരിഞ്ഞുകൊണ്ടെക്കാലവും ഇവിടെ അധിവസിക്കുമെന്നും ചൊല്ലി. അന്നു ഭഗവാന്റെ ശീത കിരണങ്ങളേറ്റു അഗ്നിയണഞ്ഞു മണ്ണ് ആറിയ ശാല പിന്നീടു മണ്ണാറശാലയായി.

ഭഗവാന്റെ അനുഗ്രഹത്താല്‍ ശ്രീ ദേവി അന്തര്‍ജനത്തിന് രണ്ടു ശിശുക്കളുണ്ടായി. ജ്യേഷ്ടനായി സര്‍പ്പശിശുവും, അനുജനായി മനുഷ്യ ശിശുവും. കാലമായപ്പോള്‍ ജ്യേഷ്ടന്റെ നിര്‍ദേശപ്രകാരം അനുജന്‍ ഗ്രഹസ്ഥാശ്രമം സ്വീകരിച്ചു സുസ്സന്താനങ്ങളോടെ സുഖമായി കഴിഞ്ഞു. തന്റെ അവതാര ധര്‍മ്മം കഴിഞ്ഞ ജ്യേഷ്ടനായ സര്‍പ്പ രാജാവ് തപസ്സില്‍ മുഴുകുന്നതിനായി നിലവറ പൂകുകയും ചെയ്തു.അതീവ ദുഖിതയായ മാതാവിനോട് അമ്മയ്ക്ക് ദര്‍ശനം നല്‍കി ആണ്ടില്‍ ഒരിക്കല്‍ അമ്മ നടത്തുന്ന പൂജയില്‍ തൃപ്തനായിക്കൊള്ളാമെന്നു സ്വാന്തനമേകി മറയുകയും ചെയ്തു.

അന്നാ പ്രിയ പുത്രന്‍ അമ്മയ്ക്കു നല്‍കിയ പൂജാധികാരമാണ് ഇന്നും മണ്ണാറശാലയുടെ പ്രത്യേകത. ആ കുടുംബത്തിലെ മൂപ്പേറിയ അന്തര്‍ജനത്തിനാണ് അമ്മയുടെ പദവി. സ്ഥാനമേല്‍ക്കുന്ന അന്നു മുതല്‍ നിത്യ ബ്രഹ്മചാരിണിയായി കഴിയുന്നു. എല്ലാ മാസവും ആയില്യം നാള്‍ നിലവറയ്ക്കു സമീപം നൂറും പാലും, ശിവരാത്രി ദിവസം സര്‍പ്പബലി എന്നിവ നടത്തുന്നുത് തുലാ മാസത്തിലെ ആയില്യമാണ് .

കന്നി മാസത്തിലെ ആയില്യത്തിനു തിരുവതാംകൂര്‍ മഹാ രാജാക്കന്മാര്‍ മണ്ണാറശാല ദര്‍ശനം നടത്തുക പതിവായിരുന്നു. ഒരു പ്രാവശ്യം പതിവു തെറ്റിയ മഹാരാജാവ് തുലാമാസത്തില്‍ ദര്‍ശനം നടത്തുവാന്‍ നിശ്ചയിച്ചു. ഉല്‍സവം ഭംഗിയാക്കുവാന്‍ വേണ്ട ഏർപ്പാടും ചെയ്തു. ആദ്യ ദര്‍ശനം മുടങ്ങിയതിന് പ്രായശ്ചിത്തമായി ധാരാളം വസ്തുവകകള്‍ കരമൊഴിവായി ക്ഷേത്രത്തിനു നല്‍കുകയും ചെയ്തു. അന്ന് മുതലാണ്‌ തുലാമാസം “മണ്ണാറശാല ആയില്യമായത്”

മണ്ണാറശാലയിലെ ശ്രീ നാഗ രാജാവ് ഹരിസ്വരൂപനും ശിവാത്മകനുമാണെന്നാണ് വിശ്വാസം. നാഗരാജാവ് അനന്തനും, സര്‍പ്പ രാജാവ് വാസുകിയും. ക്ഷേത്ര മതിലിനു പുറത്ത് തെക്കു പടിഞ്ഞാറേ കോണില്‍ കൂവളത്തറ കാണാം. പാലും പഴവും, പാല്പായസ്സവും, ഉപ്പും, മഞ്ഞളും, പുറ്റും മുട്ടയും, സര്‍പ്പ വിഗ്രഹങ്ങളും സമര്‍പ്പിക്കലാണ് പ്രധാന വഴിപാടുകള്‍ . ഉരുളി കമിഴ്ത്തല്‍ മറ്റൊരു വഴിപാടാണ്. അഭയവരദനും ആശ്രിത വത്സലനുമായ ശ്രീ നാഗരാജാവ് നമ്മെ അനുഗ്രഹിക്കട്ടെ

പാമ്പുംമേക്കാട്ട് :
കേരളത്തിലെ പ്രധാന നാഗ രാജാ ക്ഷേത്രങ്ങളില്‍ ഒന്നാണിത്, തൃശൂര്‍ ജില്ലയില്‍ മാളയ്ക്കടുത്തു വടമയില്‍. നാഗരാജാവും നാഗയക്ഷിയുമാണ് പ്രധാന പ്രതിഷ്ഠ .നാഗരാജാവ് വസുകിയാണ് എന്നാണു സങ്കല്പം . ഇല്ലത്തിന്റെ കിഴക്കേ നിലയില്‍ പടിഞ്ഞാട്ടാണ് ദര്‍ശനം . മേക്കാട് ഇല്ലത്തെ നമ്പൂരിയാണ് പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്നത്. സര്‍പ്പ ദോഷ പ്രതിവിധികള്‍ ഇവിടെ ചെയ്തു കൊടുക്കുന്നു. സര്‍പ്പപ്പാട്ട് ,പാലും പഴവും,നൂറും പാലും എന്നിവയാണ് പ്രധാന വഴിപാടുകള്‍ ,പ്രാസാദം കോടി വിളക്കിലെ എണ്ണയാണ് .വൃശ്ചികം ഒന്നിന് ഇവിടുത്തെ പൂജ പ്രസിദ്ധമാണ്. ദാരിദ്ര്യ ദുഖത്തിന് അറുതി വരുത്താന്‍ മേക്കാട് നമ്പൂരി പന്ത്രണ്ടു കൊല്ലം തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ ഭജനമിരുന്നപ്പോള്‍ വാസുകി പ്രത്യക്ഷപ്പെട്ടു ഇല്ലത്ത് സാന്നിധ്യം ഉണ്ടാകണമെന്ന് വരം വാങ്ങിയപ്പോള്‍ നമ്പൂതിരിയുടെ കുടപ്പുറത്ത് മനയില്‍ വന്നു ചേര്‍ന്നു എന്നാണ് ഐതിഹ്യം.

ആമേട ക്ഷേത്രം:
ഏറണാകുളം ജില്ലയില്‍ ത്രിപ്പൂണിത്തുറ -വൈയ്ക്കം റൂട്ടില്‍ നടക്കാവ് എന്ന ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങി പടിഞ്ഞാറോട്ട് 2 .കി.മി ദൂരം പോയാല്‍ ആമേട ക്ഷേത്രത്തില്‍ എത്താം .സപ്ത മാതൃക്കളെ പ്രധാനമായി പ്രതിഷ്ഠിച്ച ഈ അപൂര്‍വ ക്ഷേത്രം കേരളത്തിലുള്ള വളരെ പ്രധാനപ്പെട്ട നാഗ ക്ഷേത്രമാണ്. നാഗരാജാവ്, നാഗയക്ഷി ,കാവില്‍ ഭഗവതി, എന്നിവയാണ് ഉപപ്രതിഷ്ഠകള്‍ .പരശു രാമന്‍ യാത്രാ മദ്ധ്യേ കൈതപ്പുഴ കായലില്‍ എത്തിയപ്പോള്‍ ആമയുടെ പുറത്തു നിന്ന് കുളിക്കുന്ന ദേവസ്ത്രീകളെയും അവരോടൊപ്പം ഉണ്ടായിരുന്ന നാഗ കന്യകയേയും ആ കന്യകയ്ക്ക് കൂട്ടായി നാഗരാജാവിനെയും പ്രതിഷ്ഠിച്ചു എന്നാണു ഐതിഹ്യം .
സര്‍പ്പ ദോഷ നിവാരണത്തിനായി ധാരാളം ഭക്ത ജനങ്ങള്‍ ഇവടെ എത്തുന്നു. ഇവിടുത്തെ പൂജാരിമാര്‍ ഭക്തജങ്ങളുടെ അവശ്യ പ്രകാരം കുടുംബങ്ങളിൽ സര്‍പ്പ പൂജ നടത്തി കൊടുക്കുന്നു .

വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്രം:

ആലപ്പുഴ ജില്ലയില്‍ കായംകുളത്താണീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . പ്രമുഖ നാഗരാജ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പരശുരാമന്‍ മഴു കൊണ്ട് മണ്ണു വെട്ടിക്കൂട്ടി അതിനു മുകളില്‍ നാഗ പ്രതിഷ്ഠ നടത്തിയതിനാലാണ് വെട്ടിക്കോട് എന്നു പേരുണ്ടായത്. ആദ്യമായി പ്രതിഷ്ഠ നടന്നത് വെട്ടിക്കോട് ആയതിനാല്‍ ആദിമൂലം വെട്ടിക്കോട് എന്നാണു വിശേഷണം. അനന്ത ഭഗവാനും, നാഗ യക്ഷിയുമാണ് പ്രതിഷ്ഠ . ശ്രീ പരശുരാമന്‍ അനന്തന്റെ നിത്യ സാന്നിധ്യം ഈ മണ്ണില്‍ ഉണ്ടാവണമെന്ന ആഗ്രഹത്താല്‍ അസുര ശില്പിയായ മയനെ കൊണ്ട് ഒരു അനന്ത വിഗ്രഹം പണിയിച്ചു. അനന്ത ചൈതന്യത്തെ വിഗ്രഹത്തിലേക്ക് ആവാഹിച്ചു, പ്രതിഷ്ഠാ കര്‍മ്മത്തിന്റെ മുഹൂര്‍ത്തം കുറിച്ചത് ബ്രഹ്മാവും, ദക്ഷിണ സ്വീകരിച്ചതു ശ്രീ പരമേശ്വരനുമായിരുന്നു. അങ്ങിനെ വെട്ടിക്കോട്ടെ നാഗരാജ പ്രതിഷ്ഠയില്‍ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ തേജസ്സുകളുടെ സമന്വയമുണ്ടായി .കിഴക്കോട്ടാണു ദരശനം.ഇവിടെ വന്നു പ്രാര്‍ത്ഥിച്ചാൽ ത്വക്ക് രോഗം മാറുമെന്നു അനുഭവസ്ഥര്‍ പറയുന്നു. ക്ഷേത്രത്തിനു ചുറ്റും ധാരാളം നാഗ പ്രതിമകളും ശില്പങ്ങളും ഉണ്ട്. നാഗലിംഗ പൂക്കളാണു പൂജയ്ക്ക് എടുക്കുന്നത്. മകരമാസത്തില്‍ പത്തു ദിവസം ഉത്സവം നടത്തുന്നു. ആയില്യം തൊഴല്‍ ,പൂയം തൊഴല്‍, ശിവരാത്രി, ബാലഭദ്ര ജയന്തി എന്നിവ പ്രധാനമാണ്.സര്‍പ്പ ബലി, നൂറും പാലും,അഷ്ട നാഗപൂജ, രാഹൂ ദോഷശാന്തി ,ധാര, ഉരുളി കമിഴ്ത്ത് ,പുള്ളുവന്‍ പാട്ട് എന്നിവയും പ്രാധന്യ മേറിയതാണ് .ഏകദേശം ആറ് ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

നാഗംപൂഴി മന :

കോട്ടയം ജില്ലയില്‍ വൈക്കത്ത് നിന്നും എറണാകുളത്തിനു പോകുന്ന റൂട്ടില്‍ റോഡിനു സമീപം ഈ മന സ്ഥിതി ചെയ്യുന്നു. നാഗം പൂഴി മനയിലെ അറയില്‍ ആണ് നാഗരാജാവും നാഗ യക്ഷിയും ഇരിക്കുന്നതാ, കിഴക്കോട്ടാണു ദര്‍ശനം . മനയിലെ സ്ത്രീകളാണ് പൂജ ചെയ്യുന്നത്. അഞ്ചു കാവുകളുണ്ട്‌. ഇവയില്‍ ഒന്ന് നാഗകന്യകയാണ്. കുംഭം ,തുലാം ,കന്നി മാസത്തിലെ ആയില്യം എന്നിവ വളരെ പ്രധാനമാണ്.ഇവിടുത്തെ ‘വലിയമ്മ’ തരുന്ന വിളക്കിലെ എണ്ണ പാണ്ടു രോഗത്തിനു ഉത്തമമാണന്നു വിശ്വസിക്കപ്പെടുന്നു.

അനന്തന്‍കാട് നാഗരാജ ക്ഷേത്രം :

തിരുവനന്തപുരം ജില്ലയില്‍ ശ്രീ പദ്മനാഭ ക്ഷേത്രത്തിന്റെ പടിഞ്ഞാറു വശത്ത് അനന്തന്‍കാട് നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വൈഷ്ണവ നാഗമായ അനന്തനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇവിടെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലമാണെന്നും അതല്ല ദിവാകരമുനി എന്ന തുളു സന്യാസി ആണന്നും, അതുമല്ല രണ്ടും ഒരേ ആള്‍ തന്നെയാണ് എന്നും ഐതിഹ്യങ്ങളുണ്ട്. ശിലാ രൂപമായ അനന്ത വിഗ്രഹമാണിവിടെ. ഇവിടുത്തെ പ്രധാന വഴിപാട്‌ കളമെഴുത്തും പാട്ടുമാണ്‌ .ആയില്യ പൂജയും ഉണ്ട്. പാല്‍, മഞ്ഞള്‍ എന്നിവ അഭിഷേകം നടത്തുന്നു.സര്‍പ്പ ദോഷത്തിനും, കുടുംബ ദോഷത്തിനും അറുതി വരുത്താനും സന്താന ലബ്ധിക്കും പ്രത്യേക വഴിപാടുകള്‍ നടത്തി വരുന്നു.

ഹൈന്ദവ ജീവിതത്തിൽ നാഗാരാധനയുടെ
ഉത്ഭവം :
ബ്രഹ്മാവിന്റെ മാനസപുത്രന്മാരില്‍ ഒരാളാണ് മരീചി. മരീചിയുടെ പുത്രനായ കശ്യപന് ദക്ഷ രാജാവിന്റെ മക്കളായ കദൃവും വിനീതയും ഭാര്യമാരായിരുന്നു. ഭാര്യമാരുടെ ശുശ്രൂഷയില്‍ സംപ്രീതനായി അവര്‍ക്ക് ആവശ്യമുള്ള വരം ചോദിച്ചു കൊള്ളുവാന്‍ പറഞ്ഞു . കദ്രു അതി ശക്തിമാന്മാരായ ആയിരം നാഗങ്ങള്‍ തനിക്കു പുത്രന്മാരായി വേണമെന്ന് വരം ചോദിച്ചു. വിനീത കദ്രുവിന്റെ പുത്രന്മാരെക്കാള്‍ വീര്യവും, പരാക്രമവും ഓജസുമുള്ള രണ്ടു പുത്രന്മാര്‍ മതിയെന്ന വരമാണ് ചോദിച്ചത് . തുടര്‍ന്നു രണ്ടുപേരും മുട്ടകള്‍ ഇട്ടു. അഞ്ഞൂറു വര്‍ഷം കഴിഞ്ഞു കദ്രുവിനു ആയിരം നാഗങ്ങള്‍ മക്കളായി ഉണ്ടായി .ക്ഷമയില്ലാതെ വിനീത ഒരു മുട്ട പൊട്ടിച്ചു നോക്കി . അതില്‍ നിന്നും വരുണന്‍ പുറത്തു വന്നു. പൂര്‍ണ്ണ വളര്‍ച്ച വരാതെ മുട്ട പൊട്ടിച്ചതിനാല്‍ വരുണന്‍ വിനീതയെ ശപിച്ച്, ഇനി മുതല്‍ കദ്രുവിന്റെ ദാസിയായി ജീവിക്കണമെന്നും പൊട്ടിക്കാത്ത മുട്ടയില്‍ നിന്നും വരുന്ന മകന്‍ അമ്മയെ ദാസ്യത്തില്‍ നിന്നും മോചിപ്പിക്കുമെന്നും പറഞ്ഞു ആകാശത്തിലേയ്ക്ക് ഉയര്‍ന്നു. ആ വരുണനാണ് സൂര്യന്റെ സാരഥി . സമയമായപ്പോള്‍ രണ്ടാമത്തെ മുട്ട വിരിയുകയും ഗരുഡന്‍ പുറത്ത് വരികയും ചെയ്തു. കദ്രു പുത്രന്മാരായ നാഗങ്ങളില്‍ നിന്നാണ് ഇന്നത്തെ നാഗങ്ങള്‍ ഉത്ഭവിച്ചത് എന്നാണ് വിശ്വാസം………..

Leave a Reply

Your email address will not be published. Required fields are marked *

September 2019
M T W T F S S
« Aug    
 1
2345678
9101112131415
16171819202122
23242526272829
30